'വിദ്യാഭ്യാസത്തെ കാവിവത്ക്കരിച്ചു'; ഡിഎംകെയുടെ മുരുകന്‍ സമ്മേളനത്തിനെതിരെ സഖ്യകക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പ്

2017 മുതല്‍ ഡിഎംകെയുടെ ഭാഗമായ സഖ്യകക്ഷികളുടെ എതിര്‍പ്പ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

Update: 2024-09-03 04:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന പ്രതിച്ഛായ ഇല്ലാതാക്കാന്‍ മുരുകനെ കൂട്ടിപിടിച്ച ഡിഎംകെയുടെ പുതിയ രാഷ്ട്രീയ തന്ത്രം പാര്‍ട്ടിക്കുള്ളില്‍ തന്നെ കല്ലുകടിയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുരുക ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാരിൻ്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) ആഗസ്ത് 24,25 തിയതികളില്‍ ക്ഷേത്രനഗരമായ പഴനിയിൽ സംഘടിപ്പിച്ച അന്തർദേശീയ മുത്തമിഴ് മുരുകൻ സമ്മേളനമാണ് വിനയായത്. സമ്മേളനം ഡിഎംകെയുടെ സഖ്യകക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പിനിടയാക്കി. 2017 മുതല്‍ ഡിഎംകെയുടെ ഭാഗമായ സഖ്യകക്ഷികളുടെ എതിര്‍പ്പ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഡിഎംകെ മുരുക ഭഗവാന് വേണ്ടി നടത്തിയ സമ്മേളനത്തിൽ വിദ്യാഭ്യാസത്തെ കാവിവൽക്കരിച്ചു എന്നാരോപിച്ചു വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ), സിപിഐ, സിപിഎം കക്ഷികള്‍ രംഗത്തെത്തി. ''തമിഴ്നാട്ടിലെ അറുപടൈ വീടുകളുടെ(മുരുകന്‍റെ പ്രതിഷ്ഠയുള്ള ആറ് ക്ഷേത്രങ്ങള്‍) ഉടയവനായ മുരുകനിലൂടെ വിദ്യാഭ്യാസം വർഗീയവൽക്കരിക്കുക എന്ന ബിജെപിയുടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല പ്രമേയങ്ങളെന്ന് വിസികെ എംപി ഡി. രവികുമാർ പറഞ്ഞു.സ്കൂളുകളിലും വിദ്യാഭ്യാസ മേഖലയിലും മതം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അപലപനീയമാണെന്നും രവികുമാര്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

വിശ്വാസം ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണെന്ന് എച്ച്ആർ ആൻഡ് സിഇ വകുപ്പ് മനസ്സിലാക്കണമെന്നും മതപരമായ പരിപാടികൾ സംഘടിപ്പിക്കുന്ന ജോലിയിൽ സർക്കാർ ഇറങ്ങരുതെന്നും സിപിഐ എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയോടുള്ള കടുത്ത എതിർപ്പാണ് സഖ്യത്തെ തുടർച്ചയായി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ചതെന്ന് ഡിഎംകെ മനസ്സിലാക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സഖ്യകക്ഷി നേതാവ് പറഞ്ഞു. വിദ്യാഭ്യാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധൻ പ്രിൻസ് ഗജേന്ദ്ര ബാബു പ്രമേയങ്ങളെ വിശേഷിപ്പിച്ചത്.

സ്‌കൂൾ വിദ്യാർഥികൾ ക്ഷേത്രങ്ങളിലെ മതപരമായ ചടങ്ങുകളിൽ ഹിന്ദുമത സ്തുതിയായ “കന്ദ ഷഷ്ടി കവാസം” ആലപിക്കുക , എച്ച്ആർ ആൻഡ് സിഇ വകുപ്പിൻ്റെ കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും മുരുകനെ ഉൾപ്പെടുത്തി ഭക്തി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുക, മുരുകനെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടുത്തുക, മുരുകനെക്കുറിച്ചുള്ള പഠനങ്ങള്‍ കോളജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കിയിരുന്നു. മുരുക സമ്മേളനം സംഘടിപ്പിക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിനെതിരെ സഖ്യകക്ഷിയായ സിപിഎമ്മാണ് ആദ്യം രംഗത്തെത്തിയത്. മതപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് സിപിഎം ആവശ്യപ്പട്ടിരുന്നു. സഖ്യകക്ഷികൾ മാത്രമല്ല, വിദ്യാഭ്യാസ വിചക്ഷണരും പ്രമേയങ്ങൾക്കും സമ്മേളനത്തിനും ചുവപ്പ് കൊടി ഉയർത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഗീയവൽക്കരിക്കപ്പെടുന്നില്ലെന്നും സ്‌കൂളിലോ കോളേജിലോ മതഗ്രന്ഥങ്ങളൊന്നും പരാമർശിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

ബിജെപിയുടെ ഹിന്ദുത്വത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ഗാലറിയിലിരുന്ന കളിക്കാൻ ഡിഎംകെ അതിൻ്റെ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കരുതെന്ന് മറ്റൊരു സഖ്യകക്ഷി അഭിപ്രായപ്പെട്ടു.“ഞങ്ങളെപ്പോലുള്ള പ്രാദേശിക പാർട്ടികൾക്കും വോട്ടർമാർക്കും മതനിരപേക്ഷതയ്‌ക്കൊപ്പം നിൽക്കണമെങ്കിൽ രണ്ടിനും ഇടയിൽ ഒരു ഓപ്ഷനുണ്ട്. അതിനാൽ ഡിഎംകെ മത സമ്മേളനങ്ങൾ സംഘടിപ്പിച്ച് തങ്ങളുടെ പ്രധാന വോട്ടർമാരെ അകറ്റരുത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനാതന ധർമ്മത്തിനെതിരെ സംസാരിച്ചതിന് ശേഷവും ഡിഎംകെ പരിപാടി സംഘടിപ്പിക്കുന്നത് വെറും രാഷ്ട്രീയമാണെന്നായിരുന്നു ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ ഡോ. തമിഴിസൈ സൗന്ദരാജന്‍റെ പ്രതികരണം. വോട്ടിനു വേണ്ടി ബിജെപി എന്തും ചെയ്യുമെന്നും സമ്മേളനം ആ തന്ത്രത്തിന്‍റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ തന്ത്രങ്ങളെ മറികടക്കുന്നതിനാണ് പൊതുവേ മതനിരപേക്ഷ തത്വം വച്ചുപുലര്‍ത്തുന്ന ഡിഎംകെ പോലുള്ള പാര്‍ട്ടി ഇത്തരമൊരു സമ്മേളനം നടത്തുന്നതെന്നാണ് രാഷ്ട്രീയ പ്രതിയോഗികളുടെ വിലയിരുത്തല്‍. ഡിഎംകെ എം.പി എ .രാജ, സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതാദ്യമായല്ല മുരുകൻ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. 2020ൽ ബി.ജെ.പി 'വേൽ യാത്ര' എന്ന പേരിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ ആക്രമിക്കുകയും, മുരുകഭക്തി ഗീതമായ കണ്ഠ ശക്തി കവസത്തെ അപമാനിക്കുകയും ചെയ്യുന്ന നീചശക്തികൾക്കെതിരെയുള്ള പോരാട്ടമാണ് വേൽ യാത്ര എന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. എന്നാല്‍ വേല്‍ യാത്ര വരഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന വിമര്‍ശനവുമായി ഡിഎംകെയും വിസികെയും രംഗത്തെത്തിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News