വനിതാഡോക്ടറുടെ ബലാത്സംഗക്കൊല: 'ആദ്യം ചോദ്യം ചെയ്യേണ്ടത് പ്രിൻസിപ്പാളിനെ, അന്വേഷണ റിപ്പോർട്ട് ഉടന്‍ സമർപ്പിക്കണം '; കൊൽക്കത്ത ഹൈക്കോടതി

തെളിവുകൾ സംരക്ഷിക്കുന്നതിൽ എന്ത് നിലപാടാണ് സർക്കാർ കൈ കൊണ്ടതെന്നും കോടതി ചോദിച്ചു

Update: 2024-08-13 09:04 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇടപെട്ട് കൊൽക്കത്ത ഹൈക്കോടതി. കേസിന്റെ അന്വേഷണ റിപ്പോർട്ട് മണിക്കൂറുകൾക്കുള്ളിൽ സമർപ്പിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി സർക്കാറിന് നിർദേശം നൽകി . തെളിവുകൾ സംരക്ഷിക്കുന്നതിൽ എന്ത് നിലപാടാണ് സർക്കാർ കൈ കൊണ്ടതെന്നും  കോടതി ചോദിച്ചു.സംഭവം നടക്കുമ്പോൾ പ്രിൻസിപ്പൽ ആയിരുന്ന സന്ദീപ് ഘോഷ് രാജിക്കത്തു സമർപ്പിക്കണം . സന്ദീപ് ഘോഷിന്റെ മൊഴി രേഖപ്പടുത്താത്തതിലും ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലിനെയാണ് ഹൈക്കോടതി വിമർശിച്ചു.

പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് രാജിവച്ച് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചത് എന്തിനാണെന്നും സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.'നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്? അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുക. അദ്ദേഹത്തിന് അറിയാവുന്നത് പറയട്ടെ,' കോടതി സർക്കാർ അഭിഭാഷകനോട് പറഞ്ഞു. നടന്നത് വളരെ ദയനീയമായ സംഭവമാണെന്നും ഡോക്ടർമാർക്ക് സംസ്ഥാനം എന്ത് ഉറപ്പാണ് നൽകുന്നത്. ഡോക്ടർമാർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം,പീഡനത്തിന് ഇരയായി മരിച്ച വനിതാ ഡോക്ടർ ക്രൂരമായ മർദനത്തിന് ഇരയായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത് . സ്വകാര്യ ഭാഗങ്ങളിലടക്കം രക്തസ്രാവമുണ്ടായി. മർദനത്തിൽ കണ്ണട പൊട്ടി ചില്ലു കണ്ണിൽ ആഴ്ന്നിറങ്ങി.വയറ്റിലും കഴുത്തിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റിട്ടുണ്ട് . ഭിത്തിയിൽ തലയിടിപ്പിച്ചതിന്റെ തെളിവുകളും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം രാജ്യവ്യാപകമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി സഞ്ജയ് റോയിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് വധ ശിക്ഷ വിധിക്കുക , ഇരയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക , ആശുപത്രികളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News