ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു
വൈകിയാണെങ്കിലും അയോഗ്യത നീക്കിയതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് ഫൈസൽ മീഡിയവണിനോട്
ന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു.ലോക്‌സഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. വൈകിയാണെങ്കിലും തന്റെ അയോഗ്യത നീക്കിയതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് ഫൈസൽ മീഡിയവണിനോട് പറഞ്ഞു . കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും നടപടി വൈകിയതിന്റെ കാരണം അറിയില്ല. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് ഫൈസൽ എം പി പറഞ്ഞു.
അതേസമയം, ലോക്‌സഭയിലെ അംഗത്വം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിൻവലിക്കാൻ ഉത്തരവിടണമെന്നതാണ് ഫൈസലിന്‍റെ ആവശ്യം. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹരജി എത്തിയെങ്കിലും ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടി തീർത്തും ഏകപക്ഷീയമാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റിയത്. ഫൈസലിൻറെ കുറ്റവും ശിക്ഷയും സ്റ്റേ ച്യെത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നൽകിയ ഹരജിയും ഇന്ന് പരിഗണിക്കും.