'ഭാര്യയും മകളും മരിച്ചു, എന്‍റെ അമ്മയുടെ മൃതദേഹം പോലും കണ്ടെത്താനായില്ല'; ഹാഥ്റസ് ദുരന്തത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ട വിനോദ്

വിനോദിന്‍റെ അമ്മയും ഭാര്യയും 16 വയസുള്ള മകളുമാണ് മരിച്ചത്

Update: 2024-07-03 06:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹാഥ്റസ്: നീറിപ്പുകയുന്ന കാഴ്ചകളാണ് ഹാഥ്റസിലെ ദുരന്തഭൂമിയിലെങ്ങും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ എങ്ങും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. മരിച്ചവരുടെ കൂട്ടത്തില്‍ തങ്ങളുടെ ഉറ്റവരുണ്ടോ എന്ന് തിരയുന്നവര്‍...ദുരന്തത്തില്‍ തന്‍റെ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട വിനോദ് എന്ന യുവാവ് ഭാര്യയും മകളും അമ്മയും സത്സംഗിന് പോയത് പോലും അറിഞ്ഞിരുന്നില്ല. അപകട വാര്‍ത്ത അറിഞ്ഞെത്തിയപ്പോഴാണ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വിനോദിന്‍റെ അമ്മയും ഭാര്യയും 16 വയസുള്ള മകളുമാണ് മരിച്ചത്. തനിക്കെല്ലാം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നെഞ്ചുപൊട്ടി കരയുകയാണ് വിനോദ്. “പുറത്തെവിടെയോ പോയത് കൊണ്ട് മൂവരും സത്സംഗത്തിന് പോയത് ഞാനറിഞ്ഞില്ല'' യുവാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സത്സംഗില്‍ തിക്കും തിരക്കുമുണ്ടായെന്ന് ആരോ പറഞ്ഞത് കേട്ട് സ്ഥലത്തെത്തിയപ്പോഴാണ് മരണവാര്‍ത്ത അറിയുന്നത്. എന്‍റെ അമ്മയുടെ മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല...വിനോദ് പറയുന്നു.''ഇനിയൊന്നും ബാക്കിയില്ല...എല്ലാം പോയി'' വിനോദ് കൂട്ടിച്ചേര്‍ത്തു.

കമല എന്ന എന്ന അമ്മക്ക് തന്‍റെ 16കാരിയായ മകള്‍ റോഷ്നിയെയാണ് നഷ്ടപ്പെട്ടത്.'' കഴിഞ്ഞ 20 വർഷമായി ബാബയുടെ സത്സംഗത്തിൽ പങ്കെടുക്കുന്നു, ഇന്ന് ഞാൻ എൻ്റെ 16 വയസുള്ള മകളുമായി സത്സംഗിൽ പങ്കെടുക്കാൻ പോയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ തിക്കിലും തിരക്കിലും പെട്ടു. എനിക്കും മകൾക്കും നിസാര പരിക്കാണുണ്ടായിരുന്നത്. അവൾക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല, പക്ഷേ ആശുപത്രിയിൽ എത്തിയ ഉടനെ ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ എന്‍റെ മകള്‍ മരിച്ചതായി അറിയിച്ചു'' കമല പറഞ്ഞു. മൂന്നര വയസുള്ള ആണ്‍കുട്ടിയും അമ്മയും സത്സംഗത്തിനെത്തിയിരുന്നു. അലിഗഡ് സ്വദേശിയായ അമ്മയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ കുന്‍വര്‍ പാല്‍ പറഞ്ഞു.

"ബാബയുടെ സത്സംഗിൽ പങ്കെടുക്കുന്നതിൽ നിന്ന് ഞാന്‍ പല തവണ എന്‍റെ ഭാര്യയെ തടഞ്ഞതാണ്. എന്നാലത് കേള്‍ക്കാതെ ഞങ്ങളുടെ മകൾക്കും രണ്ട് അയൽവാസികളായ സ്ത്രീകൾക്കും ഒപ്പം സത്സംഗിന് പോയി. ഭാര്യയും ആ സ്ത്രീകളും മരിച്ചു. മകള്‍ സുരക്ഷിതയാണ്'' മരിച്ച ഗുഡിയ ദേവിയുടെ ഭര്‍ത്താവ് മെഹ്താബ് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് യുപിയിലെ ഹാഥ്റസില്‍ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഹാഥ്റസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തിലാണ് അപകടം. ആൾദൈവം ഭോലെ ബാബ നടത്തിയ പ്രാർത്ഥന യോഗത്തിനു ശേഷം മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്ക് കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതുവരെ 122 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഭോലെ ബാബയെ തേടി മെയിൻപുരി ജില്ലയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ നേരത്തെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.ബാബ അവിടെയില്ലെന്ന് ഡെപ്യൂട്ടി എസ്.പി സുനില്‍ കുമാര്‍ പറഞ്ഞു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാരും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News