ലോക്‌സഭാംഗത്വം: മുഹമ്മദ് ഫൈസലിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയമായ സമീപനം സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസൽ ഹരജി സമർപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ലോക്സഭയിലെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വധശ്രമ കേസിൽ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ അംഗത്വം റദ്ദ് ചെയ്തത്. കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ നൽകിയിട്ടും അംഗത്വം പുനഃസ്ഥാപിച്ചില്ല. ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയമായ സമീപനം സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ശിക്ഷാ വിധി മരവിപ്പിച്ചതിനെതിരായ അപ്പീലിനൊപ്പം പുതിയ ഹരജിയും പരിഗണയ്ക്കാമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്നലെ അറിയിച്ചിരുന്നു.
ഫൈസലിന്റെ ശിക്ഷ സസ്പെന്റ് ചെയ്ത കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നതായി ഫൈസലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു മുമ്പാകെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് ബന്ധപ്പെട്ട ഹർജിക്കൊപ്പം ഫൈസലിന്റെ ഹർജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചത്.