രമേശ് ബിധൂഡിയുടെ അധിക്ഷേപ വർഷം; ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റി 10ന് പരിശോധിക്കും
ഡാനിഷ് അലി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി.ജെ.പി എം.പിമാരും സ്പീക്കർക്ക് പരാതി നൽകി.
ന്യൂഡൽഹി: ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റിയുടെ പ്രഥമ യോഗം ഒക്ടോബർ 10ന് ചേരും. ബി.ജെ.പി എം.പി രമേശ് ബിധൂഡി ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ വർഷം നടത്തിയെന്ന പരാതി കമ്മിറ്റി പരിശോധിക്കും. സംഭവത്തിൽ രമേശ് ബിധൂഡിയിൽനിന്ന് കമ്മിറ്റി വിശദീകരണം തേടും. അപമര്യാദയായി പെരുമാറിയെന്ന ഡാനിഷ് അലിക്കെതിരായ പരാതിയും കമ്മിറ്റി പരിശോധിക്കും.
ചാന്ദ്രയാൻ-3 ചർച്ചക്കിടെയാണ് രമേശ് ബിധൂഡി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ വർഷം നടത്തിയത്. തീവ്രവാദി, മുല്ല, പിമ്പ് തുടങ്ങിയ പരാമർശങ്ങളാണ് ബിധൂഡി ഡാനിഷ് അലിക്കെതിരെ നടത്തിയത്. വർഗീയ പരാമർശം നടത്തിയ ബിധൂഡിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബിധൂഡിയെ ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം ഡാനിഷ് അലി പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതാണ് ബിധൂഡിയെ പ്രകോപിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ബി.ജെ.പി എം.പിമാരായ രവി കിഷൻ ശുക്ല, ഹർനാഥ് സിങ് യാദവ് എന്നിവരും ഡാനിഷ് അലിക്കെതിരെ പരാതി നൽകിയിരുന്നു.