ഭഗവാന്‍ കൃഷ്ണനും ഹനുമാനുമാണ് ലോകത്തിലെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞര്‍: എസ് ജയശങ്കര്‍

തന്ത്രപരമായ ക്ഷമയെ കുറിച്ച് സംസാരിക്കവേ, ഭഗവാൻ കൃഷ്ണൻ ശിശുപാലനോട് പലതവണ ക്ഷമിച്ചതിന്റെ ഉദാഹരണം മന്ത്രി ജയശങ്കർ പറഞ്ഞു

Update: 2023-01-29 09:43 GMT

എസ് ജയശങ്കര്‍

Advertising

പുനെ: നയതന്ത്രത്തെ കുറിച്ച് സംസാരിക്കവേ മഹാഭാരതത്തിന്‍റെയും രാമായണത്തിന്‍റെയും പ്രാധാന്യം വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകത്തിലെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞര്‍ ഭഗവാന്‍ കൃഷ്ണനും ഹനുമാനുമാണ്. മറാത്തിയിലേക്ക് 'ഭാരത് മാർഗ്' എന്ന പേരിൽ വിവർത്തനം ചെയ്ത 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ അൺസെർട്ടെയ്ൻ വേൾഡ്' എന്ന സ്വന്തം പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എസ് ജയശങ്കര്‍.

"ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനുമാണ്. ഹനുമാനെ നോക്കുകയാണെങ്കിൽ അദ്ദേഹം നയതന്ത്രത്തിനപ്പുറം പോയി. സീതയെ പോയിക്കണ്ട് ലങ്കയ്ക്ക് തീയിട്ടു"- ജയശങ്കര്‍ പറഞ്ഞു.

തന്ത്രപരമായ ക്ഷമയെ കുറിച്ച് സംസാരിക്കവേ, ഭഗവാൻ കൃഷ്ണൻ ശിശുപാലനോട് പലതവണ ക്ഷമിച്ചതിന്റെ ഉദാഹരണം മന്ത്രി ജയശങ്കര്‍ പറഞ്ഞു. ശിശുപാലന്‍റെ 100 തെറ്റുകൾ പൊറുക്കുമെന്ന് ഭഗവാന്‍ കൃഷ്ണൻ വാഗ്ദാനം ചെയ്തു. എന്നാൽ 100 തെറ്റുകളുടെ അവസാനം ശിശുപാലനെ കൊന്നു. ശരിയായ തീരുമാനമെടുക്കുന്നയാളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ ജയശങ്കർ ഉപമിച്ചത് "മൾട്ടിപോളാർ ഇന്ത്യ" എന്നാണ്. അർജുനന്‍റെ പുത്രനായ അഭിമന്യുവിനെ കൗരവ പക്ഷം ക്രൂരമായി വധിച്ചു. മകന്റെ മരണത്തില്‍ പ്രതികാരം ചെയ്യാൻ, അർജുനൻ ജയദ്രഥനെ അടുത്ത ദിവസം വൈകുന്നേരത്തോടെ കൊല്ലുമെന്നും പരാജയപ്പെട്ടാൽ കത്തുന്ന ചിതയിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും പ്രതിജ്ഞ ചെയ്തു. കൗരവർ ജയദ്രഥനെ ഒളിപ്പിച്ചു. കൃഷ്ണന്‍ സുദര്‍ശനചക്രം കൊണ്ട് സൂര്യനെ മറച്ചു. സൂര്യന്‍ അസ്തമിച്ചെന്ന് കരുതി ജയദ്രഥന്‍ അര്‍ജുനന്‍റെ മുന്നിലെത്തി. ഉടനെ കൃഷ്ണൻ അർജുനനോട് വേഗം അമ്പെയ്യാൻ ആവശ്യപ്പെട്ടെന്നും മന്ത്രി വിശദീകരിച്ചു.

"പാണ്ഡവർക്ക് ബന്ധുക്കളെ തെരഞ്ഞെടുക്കാൻ കഴിയില്ല. നമുക്ക് നമ്മുടെ അയൽക്കാരെ തെരഞ്ഞെടുക്കാൻ കഴിയില്ല"- മന്ത്രി ജയശങ്കര്‍ പറഞ്ഞു.

Summary- External Affairs Minister S Jaishankar highlighted the importance of the great epics, the Mahabharata and the Ramayana while explaining diplomacy

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News