‌‌മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നു; പരിശോധിക്കുമെന്ന് ബിജെപി മന്ത്രി

ഏതൊക്കെ മദ്രസകളിലാണ് അത്തരം ഉള്ളടക്കങ്ങൾ പഠിപ്പിക്കുന്നതെന്ന് വ്യക്തമാക്കാൻ മന്ത്രി തയാറായില്ല.

Update: 2022-12-18 12:07 GMT
Advertising

ഭോപ്പാൽ: സംസ്ഥാനത്തെ ചില മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നു എന്ന ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

"ഞാൻ ചില ആക്ഷേപകരമായ ഉള്ളടക്കങ്ങൾ കണ്ടു. അത്തരം സുഖകരമല്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മദ്രസകളുടെ പാഠപുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ ഞങ്ങൾ ജില്ലാ കലക്ടറോട് ആവശ്യപ്പെടും"- മിശ്ര പറഞ്ഞു.

മദ്രസകളുടെ അക്കാദമിക രംഗത്ത് ഇനിയും എത്രത്തോളം പുരോഗതി വരുത്തേണ്ടതുണ്ടെന്ന് കണ്ടെത്താനും ഇത് സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാൽ ഏതൊക്കെ മദ്രസകളിലാണ് അത്തരം ഉള്ളടക്കങ്ങൾ പഠിപ്പിക്കുന്നതെന്ന് വ്യക്തമാക്കാൻ മന്ത്രി തയാറായില്ല.

സംസ്ഥാനത്തെ ചില സ്ഥലങ്ങളിലെ മദ്രസകളിൽ പഠിപ്പിക്കുന്ന ഉള്ളടക്കങ്ങൾക്കെതിരെ ആരോപണവുമായി ചില വിഭാഗങ്ങൾ രം​ഗത്തെത്തിയിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ മനുഷ്യക്കടത്തിന് ഉപയോഗിച്ചേക്കാമെന്നും അത്തരം സൗകര്യങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്നും ഈ വർഷം ഓഗസ്റ്റിൽ മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ പറഞ്ഞിരുന്നു.

"ചിൽഡ്രൻസ് കമ്മീഷൻ ഭാരവാഹികൾ അടുത്തിടെ അനധികൃത മദ്രസകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. 30-40 കുട്ടികളെ ആരോഗ്യകരമായ അന്തരീക്ഷമില്ലാതെ പാർപ്പിച്ചിരിക്കുന്നതായി അവർ കണ്ടെത്തി. ഭക്ഷണത്തിന് മതിയായ ക്രമീകരണം ഇല്ലായിരുന്നു. ഇത് മനുഷ്യക്കടത്തിന്റെ കേസായിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു"- എന്നായിരുന്നു താക്കൂറിന്റെ വാദം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News