പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മഹാരാജ കോളേജ് അധ്യാപകരും വിദ്യാർഥികളും
പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം തുടർന്നതാണ് അധ്യാപകരടക്കമുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്
Update: 2021-11-10 13:59 GMT
മൈസൂരുവിലെ മഹാരാജ കോളേജിൽ നടക്കുന്ന പൃഥ്വിരാജ് നായകനായ 'ജനഗണമന' സിനിമ ചിത്രീകരണത്തിനെതിരെ എതിർപ്പുമായി അധ്യാപകരും വിദ്യാർഥികളും. മൈസുരു സർവകലാശാലക്ക് കീഴിലുള്ള കോളേജിൽ ഞായറാഴ്ചയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം തുടർന്നതാണ് അധ്യാപകരടക്കമുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതി രംഗമാണ് കാമ്പസിൽ ചിത്രീകരിക്കുന്നത്. പണം ഈടാക്കി കോളേജിൽ സിനിമ ചിത്രീകരണം സർവകലാശാല അനുവദിക്കാറുണ്ട്.
അധ്യായന ദിവസം ചിത്രീകരണത്തിന് അനുമതി നൽകിയതിനെതിരെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ വിഷയം കോളേജിന്റെ പരിധിയിൽപ്പെട്ടതല്ലെന്ന് പറഞ്ഞ പ്രിൻസിപ്പാൾ പ്രതികരിക്കാൻ വിസമ്മതിച്ചു. പൈതൃക കെട്ടിടമായ കോളേജിൽ കന്നഡ, തമിഴ്, തെലുങ്ക് സിനിമകൾ ചിത്രീകരിക്കാറുണ്ട്.