മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്: ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ
കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. 164 വോട്ടാണ് ഷിന്‍ഡെ പക്ഷത്തിന് ലഭിച്ചത്. അതായത് കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി. അതേസമയം ഉദ്ധവ്-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിന് 99 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച 107 വോട്ട് പോലും നേടാന്‍ സഖ്യത്തിന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. പ്രത്യേക സഭാ സമ്മേളനം ചേർന്നാണ് വോട്ടെടുപ്പ് നടത്തിയത്.
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ധവ് പക്ഷത്ത് നിന്ന് ഒരു എംഎൽഎ കൂടി ഷിൻഡെ ക്യാമ്പിലെത്തി. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തിൽ അനായാസം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി- വിമത ശിവസേന സഖ്യം സഭയിലെത്തിയത്. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ വോട്ട് സഖ്യത്തിന് കിട്ടിയിരുന്നു. പുതിയ സ്പീക്കർ രാഹുൽ നർവേക്കറാണ് സഭാ നടപടികൾ നിയന്ത്രിച്ചത്. രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കും. പ്രതിപക്ഷ നേതാവായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ മഹാവികാസ് അഗാഡി ഇന്ന് തീരുമാനമെടുക്കും.
അതിനിടെ ഏക്നാഥ് ഷിൻഡെ പക്ഷത്തിൻ്റെ വിപ്പ് സ്പീക്കർ അംഗീകരിച്ചത് ചോദ്യംചെയ്ത് ഉദ്ധവ് പക്ഷം സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഉദ്ധവ് പക്ഷത്തിലെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കവും ഹരജിയിൽ ചോദ്യംചെയ്യുന്നു. ഈ മാസം 11നാണ് ഹരജി പരിഗണിക്കുക.