'മഹായുതി'യില്‍ കീറാമുട്ടിയായി എൻ.സി.പി; അജിത് പവാറിനെ ഒതുക്കാൻ ബി.ജെ.പിയുടെ അണിയറനീക്കം

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് പൂനെയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പാർട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Update: 2024-08-27 09:55 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു കേളികൊട്ടുണരും മുൻപേ മഹായുതി സഖ്യത്തിൽ വിള്ളലുണ്ടാകുമെന്ന സൂചനകളാണു പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാറിനെയും എൻ.സി.പിയെയും ഒതുക്കാൻ ബി.ജെ.പി അണിയറയിൽ നീക്കം നടത്തുന്നതായി റിപ്പോർട്ട്. പൂനെയിലെ എൻ.സി.പി തട്ടകത്തിൽ മാത്രം സീറ്റ് നൽകാനാണ് ആലോചന നടക്കുന്നതെന്ന് 'ഫ്രീപ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു.

പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ അജിത് പവാറും എൻ.സി.പിയും കൂടുതൽ അവകാശവാദങ്ങൾ ഉയന്നയിക്കാൻ സാധ്യതയുണ്ടെന്നു മുൻകൂട്ടിക്കണ്ടാണ് ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. അജിതിന് കൂടുതൽ സൂറ്റുകൾ വിട്ടുനൽകിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു സമാനമായ ഫലമായിരിക്കും നിയമസഭയിലും ആവർത്തിക്കുകയെന്ന ഭീതി ബി.ജെ.പിക്കുണ്ട്. അതുകൊണ്ടാണ് നേരത്തെ തന്നെ ചരടുവലികൾ ആരംഭിച്ചിരിക്കുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളുമായി സംസ്ഥാന നേതൃത്വം നിരന്തരം ബന്ധപ്പെടുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്.

പൂനെ ജില്ലയിലെ ഗ്രാമീണ മേഖലയിൽ മാത്രം എൻ.സി.പിക്ക് സീറ്റ് നൽകിയാൽ മതിയെന്നാണ് ഇപ്പോൾ ധാരണ. നഗരമണ്ഡലങ്ങളിൽ ബി.ജെ.പി തന്നെ മത്സരിക്കും. സഖ്യകക്ഷികളുമായി ഔദ്യോഗികമായി ചർച്ച ആരംഭിക്കുംമുൻപ് തന്നെ സീറ്റ് വിഭജന ഫോർമുല അന്തിമമാക്കാനാണ് ബി.ജെ.പി നേതൃത്വം നീക്കംനടത്തുന്നത്. ഇതിനുശേഷം മാത്രം ഷിൻഡെ ശിവസേനയുമായും അജിത് എൻ.സി.പിയുമായും ചർച്ച നടത്തിയാൽ മതിയെന്നാണു തീരുമാനം.

എൻ.സി.പിയുമായുള്ള കൂട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ തിരിച്ചടിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ് നേതാക്കളും പ്രസിദ്ധീകരണങ്ങളുമെല്ലാം പരസ്യമായി വിമർശിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തിൽ തന്നെ വലിയൊരു വിഭാഗം ഇതേ വികാരം പങ്കുവയ്ക്കുന്നുണ്ട്. മഹായുതി സർക്കാരിൽ എൻ.സി.പിക്ക് സുപ്രധാന വകുപ്പുകൾ നൽകിയതിൽ അതൃപ്തിയുള്ളവരുമുണ്ട്. ഇതിനിടെ, പൂനെയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എമാർ തന്നെ നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് ഫ്രീപ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്നാണ് ഇവർ പാർട്ടിക്കു നൽകിയ മുന്നറിയിപ്പ്.

പുറത്ത് എൻ.സി.പി-ബി.ജെ.പി നേതാക്കൾ ചിരിച്ചും കെട്ടിപ്പിടിച്ചുമൊക്കെയാണ് മാധ്യമങ്ങൾക്കു മുന്നിലെത്തുന്നതെങ്കിലും അകമേ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു വ്യക്തമാണ്. ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഇനിയും ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള മാനസികനിലയിലെത്തിയിട്ടില്ല. എം.എൽ.എമാർ തമ്മിൽ തന്നെ ഒറ്റയ്ക്കും തെറ്റയായും ആരോപണങ്ങളും പ്രത്യാരോപണങ്ങളും വരുന്നുണ്ട്. അതിനിടെ, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ജുന്നാറിൽ ബി.ജെ.പി പ്രവർത്തകർ അജിത് പവാറിനു കരിങ്കൊടി കാണിച്ചു പരസ്യമായി രംഗത്തെത്തിയതോടെ ഉള്ളിലെ മുറുമുറുപ്പ് മറനീക്കി പരസ്യമായിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ക്ഷീണം തീർക്കാൻ അജിത് പവാർ എൻ.സി.പി പ്രഖ്യാപിച്ച ജനസമ്പർക്ക യാത്രയിലായിരുന്നു പരസ്യപ്രതിഷേധവും കരിങ്കോടി പ്രയോഗങ്ങളെല്ലാം നടന്നത്. പ്രാദേശിക ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൂനെയിൽ അജിത് പവാർ വിളിച്ചുചേർത്ത യോഗത്തിൽ ബി.ജെ.പി നേതാക്കളെ ക്ഷണിച്ചില്ലെന്ന പരാതി ഉയർത്തിയായിരുന്നു പ്രതിഷേധം. 2018ൽ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച ജുന്നാർ സ്പെഷൽ ടൂറിസം സോൺ പദ്ധതി വിലയിരുത്താനായിരുന്നു യോഗം. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രാദേശിക എൻ.സി.പി നേതാക്കളും പങ്കെടുത്തപ്പോൾ ബി.ജെ.പിക്കു നേതാക്കൾക്കാർക്കും ക്ഷണമുണ്ടായിരുന്നില്ല.

ഇതിനു പുറമെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ ചിത്രങ്ങൾ ഒഴിവാക്കിയായിരുന്നു യോഗത്തിൽ ബാനർ വച്ചത്. ഇതിനെതിരെ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആശാ ബുച്ചാകെ ഉൾപ്പെടെയുള്ള ബി.ജെ.പി പ്രമുഖർ തന്നെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇരുകക്ഷികളുടെയും നേതാക്കൾ തമ്മിലുള്ള വാക്‌പോരിലേക്കും ഇതു നയിച്ചിരുന്നു.

2019 നവംബർ മുതൽ 2022 ജൂൺ വരെ മഹാരാഷ്ട്ര ഭരിച്ച ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സർക്കാരിനെ ഓപറേഷൻ താമരയിലൂടെ അട്ടിമറിച്ചാണ് അവസാനമായി ബി.ജെ.പി സംസ്ഥാനത്ത് അധികാരം പിടിച്ചത്. സേന നേതാവായിരുന്ന ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ അടർത്തിയെടുത്തായിരുന്നു ഓപറേഷൻ തുടക്കം. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. അധികം വൈകാതെ എൻ.സി.പിയിൽനിന്ന് അജിത് പവാറിനെയും മുന്നണിയിലെത്തിച്ച് പ്രതിപക്ഷ ക്യാംപിനെ ദുർബലപ്പെടുത്താൻ നോക്കി ബി.ജെ.പി.

എന്നാൽ, ഈ രാഷ്ട്രീയ നീക്കങ്ങൾക്കെല്ലാമുള്ള കനത്ത തിരിച്ചടിയായിരുന്നു ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. 2019ൽ 23 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ വെറും ഒൻപത് സീറ്റിലേക്കാണു ചുരുങ്ങിയത്. ഷിൻഡെ സേനയ്ക്ക് ഏഴ് സീറ്റ് ലഭിച്ചപ്പോൾ അജിത് പവാർ എൻ.സി.പി ഒരൊറ്റ സീറ്റിലൊതുങ്ങുകയും ചെയ്തു.

Summary: Mahayuti is not in good terms? BJP wants to restrict Ajit Pawar to rural areas of NCP bastion off Pune district

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News