മക്കൾ നീതി മയ്യം കോൺഗ്രസുമായി ലയിക്കുന്നെന്ന് പാര്‍ട്ടി വെബ്‌സൈറ്റ്; ഹാക്ക് ചെയ്യപ്പെട്ടതെന്ന് പാർട്ടി
'2024 ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതിമയ്യത്തിന്റെ വൻ പ്രഖ്യാപനം' എന്ന തലക്കെട്ടോടെയാണ് വെബ്‌സൈറ്റിൽ പത്രക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്
ചെന്നൈ: ഉലകനായകന്‍ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി മക്കൾ നീതിമയ്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്ററിലൂടെ പാര്‍ട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസുമായി പാർട്ടി ലയിക്കാൻ പോകുന്നു എന്ന വാർത്ത വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. '
2024 ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതിമയ്യത്തിന്റെ വൻ പ്രഖ്യാപനം' എന്ന തലക്കെട്ടോടെയാണ് വെബ്‌സൈറ്റിൽ പത്രക്കുറിപ്പ് പുറത്ത് വന്നത്. ഈ മാസം അവസാനത്തോടെ ഔദ്യോഗിക ലയനം ഉണ്ടാവുമെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.
ജനാധിപത്യത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ മക്കള്‍ നീതിമയ്യത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു എന്ന് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. പാര്‍ട്ടി വെബ്‍സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
പാര്‍ട്ടി കോണ്‍ഗ്രസുമായി ഇങ്ങനെ ഒരു ലയനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നും വാര്‍ത്ത വ്യാജമാണെന്നും പാര്‍ട്ടി വക്താവ് മുരളി അബ്ബാസ് പറഞ്ഞു. അതേ സമയം ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ കമൽഹാസൻ രാഹുലിനൊപ്പം യാത്രയില്‍ അണിചേർന്നിരുന്നു. ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിന് അതീതമായ യാത്രയാണ് എന്നാണ് കമൽ ഹാസൻ അന്ന് പ്രതികരിച്ചത്. ഇറോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് മക്കൾ നീതിമയ്യം നിരുപാധിക പിന്തുണയും നൽകിയിരുന്നു