'ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണം'; ഇൻഡ്യ യോ​ഗത്തിൽ നിർദേശവുമായി മമതയും കെജ്‌രിവാളും

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ചെന്നും കോൺ​ഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

Update: 2023-12-19 17:43 GMT
Advertising

ന്യൂഡൽഹി: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന് ഇൻഡ്യ മുന്നണി യോ​ഗത്തിൽ നിർദേശം. ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയാണ് ആവശ്യമുന്നയിച്ചത്. ഈ നിർദേശത്തെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ പിന്തുണച്ചു.

എന്നാൽ നിർദേശം ഖാർ​ഗെ നിരസിച്ചു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലാണ് ആദ്യ ശ്രദ്ധയെന്നും പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്നത് പിന്നീട് തീരുമാനിക്കാമെന്നും ഖാർഗെ പറഞ്ഞു. ഇത്തരം ചർച്ചകൾ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്നും ഖാർ​ഗെ അറിയിച്ചു.

'ഇൻഡ്യ മുന്നണി ആദ്യം വിജയിക്കണം. വിജയിക്കാൻ എന്ത് ചെയ്യണമെന്നാണ് ചിന്തിക്കേണ്ടത്. എം.പിമാർ ഉണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ കുറിച്ച് ചർച്ച ചെയ്തിട്ട് എന്ത് കാര്യം? മുന്നണി ഒരുമിച്ച് ഭൂരിപക്ഷം നേടാൻ ശ്രമിക്കും'- മുന്നണി യോഗം അവസാനിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർ​ഗെ വ്യക്തമാക്കി. 

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ചെന്നും കോൺ​ഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. പാർലമെന്റ് സുരക്ഷാ വീഴ്ചയിലും എം.പിമാരെ പുറത്താക്കിയതിലും വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്താനുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളും യോ​ഗത്തിലുണ്ടായി. അന്നേദിവസം ജനാധിപത്യ സംരക്ഷണ ദിവസമായി ആചരിക്കുമെന്നും മുന്നണി പറ‍ഞ്ഞു.

സീറ്റ് വിഭജന ചർച്ചകൾ എത്രയും വേ​ഗം പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനും ഇൻഡ്യ മുന്നണി യോ​ഗത്തിൽ തീരുമാനമായി. 28 പ്രതിപക്ഷ പാർട്ടികളാണ് യോ​ഗത്തിൽ പങ്കെടുത്തത്. വി.വി പാറ്റ് സ്ലിപ്പ് വോട്ടർമാർക്ക് നൽകി പ്രത്യേക ബോക്‌സിൽ നിക്ഷേപിക്കാൻ സംവിധാനമൊരുക്കണമെന്ന പ്രമേയം ഇൻഡ്യ മുന്നണി പാസാക്കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഇൻഡ്യ മുന്നണി വ്യക്തമാക്കി.

നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തർക്കങ്ങൾ ഉയർന്നിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് മുന്നണി തീരുമാനം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News