ലണ്ടനിൽ മമത ബാനര്‍ജിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം; പ്രസംഗം തുടര്‍ന്ന് ബംഗാൾ മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആർജി കർ കോളജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി

Update: 2025-03-28 06:17 GMT
Editor : Jaisy Thomas | By : Web Desk
Mamata Banerjee
AddThis Website Tools
Advertising

ലണ്ടൻ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ലണ്ടനിൽ വിദ്യാര്‍ഥി പ്രതിഷേധം. വ്യാഴാഴ്ച ലണ്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് കോളജിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മമതക്ക് നേരെ പ്രതിഷേധമുയര്‍ന്നത്.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആർജി കർ കോളജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. ബംഗാളിന്‍റെ വികസനത്തെയും നിക്ഷേപ അവസരങ്ങളെയും കുറിച്ച് മമത സംസാരിച്ചപ്പോഴാണ് പ്രതിഷേധക്കാരെത്തിയത്. സംസ്ഥാനത്തിന് ലഭിച്ചതായി അവർ അവകാശപ്പെട്ട ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ സദസ്സിലെ അംഗം ആവശ്യപ്പെട്ടു. മമത മറുപടി പറയാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഇടപെട്ട്, ഇത് ഒരു പത്രസമ്മേളനമല്ലെന്ന് വാദിച്ചു. തുടർന്ന്, രാജ്യവ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധത്തിന് കാരണമായ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗക്കൊലയെക്കുറിച്ചും ചോദ്യമുയര്‍ന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായി എന്ന ആരോപണത്തിന് രൂക്ഷമായ ഭാഷയിലാണ് മമത പ്രതികരിച്ചത്. "ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. കേസ് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്. ഇവിടേക്ക് രാഷ്ട്രീയം കൊണ്ടുവരരുത് - ഈ വേദി രാഷ്ട്രീയത്തിനുള്ളതല്ല. നിങ്ങൾ കള്ളം പറയുകയാണ്. ഇതിനെ ഒരു രാഷ്ട്രീയ വേദിയാക്കി മാറ്റരുത്," എന്നായിരുന്നു മമതയുടെ പ്രതികരണം.

പ്രതിഷേധക്കാര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ചൂണ്ടിക്കാണിച്ച മമത “ബംഗാളിൽ പോയി നിങ്ങളുടെ പാർട്ടിയോട് കൂടുതൽ ശക്തരാകാൻ ആവശ്യപ്പെടൂ'' എന്ന് പരിഹസിച്ചു. ''ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം, പക്ഷേ ആദ്യം ഈ ചിത്രം നോക്കൂ - ഇത് എന്നെ കൊല്ലാൻ ശ്രമിച്ചതിന്‍റെ തെളിവാണ് '' എന്ന് പറഞ്ഞുകൊണ്ട് തലയിൽ ബാന്‍ഡേജോട് കൂടിയ 1990കളുടെ തുടക്കത്തിലെ തന്‍റെ ഒരു ചിത്രം ഉയര്‍ത്തിക്കാട്ടി. ഇതിനിടയിൽ ചിലര്‍ മമത പുറത്തുപോകണമെന്ന് പറഞ്ഞ് ആക്രോശിച്ചു.എസ്എഫ്ഐ-യുകെ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

"നിങ്ങൾ എന്നെ സംസാരിക്കാൻ അനുവദിക്കണം. നിങ്ങൾ എന്നെ അപമാനിക്കുകയല്ല, നിങ്ങളുടെ സ്ഥാപനത്തെ അനാദരിക്കുകയാണ്." ചില പ്രതിഷേധക്കാർ തീവ്ര ഇടതുപക്ഷക്കാരും വർഗീയവാദികളുമാണെന്ന് അവർ ആരോപിച്ചു, താൻ പോകുന്നിടത്തെല്ലാം സമാനമായ തടസ്സങ്ങൾ ഉണ്ടായതായി മമത വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടയിലും ബംഗാൾ മുഖ്യമന്ത്രി കൂസലില്ലാതെ തന്‍റെ പ്രസംഗം തുടര്‍ന്നു.

തന്‍റെ ഭരണം വിവേചനം അനുവദിക്കുന്നില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന് താൻ മുൻഗണന നൽകുന്നുണ്ടെന്നും മമത പ്രസംഗത്തിനിടെ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്‍റെ പ്രാധാന്യം ബാനർജി ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ വിഭജനം വിപരീതഫലം ഉണ്ടാക്കുമെന്ന് പ്രസ്താവിച്ചു. "ഞാൻ മരിക്കുകയാണെങ്കിൽ, എന്‍റെ മരണത്തിന് മുമ്പ്, ഐക്യം കാണണം. ഐക്യമാണ് നമ്മുടെ ശക്തി, വിഭജനം നമ്മുടെ പതനത്തിലേക്ക് നയിക്കുന്നു. ഇതായിരുന്നു സ്വാമി വിവേകാനന്ദന്‍റെ വിശ്വാസം. ഐക്യം നിലനിർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ആളുകളെ ഭിന്നിപ്പിക്കുന്നത് ഒരു നിമിഷം മാത്രം മതി. ലോകത്തിന് ഇത്തരമൊരു വിഭജന പ്രത്യയശാസ്ത്രം നിലനിർത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" അവർ ചോദിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News