മുംബൈയില്‍ ഇന്‍ഡ്യ നേതാക്കളെ കാണാന്‍ മമത; കൂടിക്കാഴ്ചയില്‍ ശരദ് പവാറും അഖിലേഷും ഉദ്ദവും
മുംബൈയിലേക്കു പുറപ്പെടുംമുന്‍പ് മമത തന്നെയാണ് ഇന്‍ഡ്യ സഖ്യം നേതാക്കളെ കാണുന്ന വിവരം വെളിപ്പെടുത്തിയത്
മുംബൈ: ഇന്‍ഡ്യ മുന്നണി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ശരദ് പവാര്‍, അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ എന്നിവരുമായാണു നാളെ മുംബൈയില്‍ കൂടിക്കാഴ്ച നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ് മമത ഇന്‍ഡ്യ നേതാക്കളെ നേരില്‍ കാണുന്നത്.
ആനന്ദ് അംബാനി-രാധിക അംബാനി വിവാഹത്തില്‍ പങ്കെടുക്കാനായാണ് മമത മുംബൈയിലെത്തുന്നത്. ഇതിനായി പുറപ്പെടുന്നതിനിടെയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്ന വിവരം അവര്‍ വെളിപ്പെടുത്തിയത്. ആനന്ദ്-രാധിക വിവാഹത്തില്‍ പങ്കെടുക്കാനായി മുകേഷ് അംബാനിയും ഭാര്യ നിതയും പലതവണ ക്ഷണിച്ചിരുന്നു. അതുകൊണ്ടാണിപ്പോള്‍ വിവാഹത്തിനു പുറപ്പെടുന്നതെന്ന് മമത പറഞ്ഞു.
വിവാഹത്തിനു പുറപ്പെടുംമുന്‍പ് ഉദ്ദവ് താക്കറെയെ കാണുമെന്ന് തൃണമൂല്‍ നേതാവ് അറിയിച്ചു. കുറേക്കാലങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച നടക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്ന് അവര്‍ പറഞ്ഞു.
ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ പോയും കാണുന്നുണ്ട്. അഖിലേഷ് യാദവും നാളെ മുംബൈയില്‍ എത്തുന്നുണ്ട്. അഖിലേഷ് എത്തുന്ന സമയത്തിനനുസരിച്ച് അദ്ദേഹത്തെയും കാണുന്നുണ്ടെന്നും മമത അറിയിച്ചു. ഇതിനുശേഷം അംബാനി വിവാഹത്തില്‍ പങ്കെടുത്ത് അവര്‍ ബംഗാളിലേക്കു മടങ്ങും.
Summary: Mamata Banerjee to meet Sharad Pawar, Uddhav Thackeray and Akhilesh Yadav in Mumbai tomorrow