ദൂരദർശന്റെ ലോഗോയിലെ 'കാവിവൽക്കരണം' ഞെട്ടിച്ചു: മമത ബാനർജി

തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും വരില്ലേയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കണം. ദൂരദര്‍ശന്‍ ഉടന്‍ തന്നെ പഴയ നീല കളര്‍ ലോഗോയിലേക്ക് തിരിച്ചുപോകണമെന്നും മമത പറഞ്ഞു.

Update: 2024-04-20 15:54 GMT
Editor : rishad | By : Web Desk
Advertising

ബംഗാള്‍: ദൂരദര്‍ശന്‍റെ ലോഗോയിലെ 'കാവിവല്‍ക്കരണം' ഞെട്ടിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സമയത്തെ ദൂരദര്‍ശന്‍റെ നിറംമാറ്റം, ബി.ജെ.പി പക്ഷപാതിത്തം കാരണമാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യങ്ങളൊന്നും വരില്ലേയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കണം.ദൂരദര്‍ശന്‍ ഉടന്‍ തന്നെ പഴയ നീല കളര്‍ ലോഗോയിലേക്ക് തിരിച്ചുപോകണമെന്നും മമത പറഞ്ഞു. 

ദൂരദര്‍ശന്‍ ലോഗോ കാവിയാക്കിയത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്ന് പ്രസാര്‍ ഭാരതി മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും (സിഇഒ) തൃണമൂല്‍ എം.പിയുമായ ജവഹര്‍ സിര്‍കാര്‍ വ്യക്തമാക്കിയിരുന്നു.  ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡി.ഡി ന്യൂസ് അതിന്റെ പുതിയ ഔദ്യോഗിക ലോഗോ അനാച്ഛാദനം ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയം തന്നെ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളുമാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ലോഗോയുടെ നിറം മാറ്റി ദൂരദര്‍ശന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നേരത്തെ വിവാദ സിനിമ 'ദി കേരള സ്റ്റോറി' സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  

അതേസമയം രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ദൂരദർശന്റെ ലോഗോ മാറ്റത്തിന് എതിരെ എത്തുന്നത്. സമ്പൂര്‍ണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമർശനം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News