ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങൾ സജീവമാക്കി വീണ്ടും മമത; ഇന്ന് സ്റ്റാലിനുമായി കൂടിക്കാഴ്ച

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ മുഖമായി മാറാൻ മമത നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Update: 2022-11-02 01:46 GMT
Advertising

ചെന്നൈ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമ ബംഗാളിന്റെ ചുമതല വഹിക്കുന്ന ഗവർണർ എൽ. ഗണേശന്റെ ജ്യേഷ്ഠന്റെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാനാണ് മമത ചെന്നെയിലെത്തുന്നത്.

ഇന്ന് വൈകീട്ട് ചെന്നൈയിലെത്തുന്ന മമത തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ക്യാമ്പ് ഹൗസിൽ വെച്ചായിരിക്കും സ്റ്റാലിനെ കാണുക. നാളെയാണ് ജന്മദിനാഘോഷം. മമത ഇന്ന് ചെന്നൈയിൽ തങ്ങും. അതേസമയം പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഒരു താൽക്കാലിക ഗവർണറുടെ സഹോദരന്റെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നത് ധൂർത്താണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ മുഖമായി മാറാൻ മമത നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും കള്ളപ്പണക്കേസിൽ അറസ്റ്റിലായതോടെ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് മറികടക്കാനാണ് മമതയുടെ ശ്രമം.

2021 മെയിൽ മൂന്നാം തവണയും ബംഗാൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള നീക്കം മമത തുടങ്ങിയത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കാനാണ് അവരുടെ ശ്രമം. സോണിയാ ഗാന്ധി, ശരത് പവാർ തുടങ്ങിയ പ്രതിപക്ഷ കക്ഷി നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ മരുമകനായ അഭിഷേക് ബാനർജിയാണ് ദേശീയതലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ത്രിപുര, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അഭിഷേകിന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News