ഫേസ്‌ക്രീം ട്യൂബിനുള്ളിൽ സ്വർണക്കടത്ത്; ഒരാൾ അറസ്റ്റിൽ
7.51 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കടത്താന്‍ ശ്രമിച്ചത്
ജയ്പൂർ: സൗന്ദര്യവർധക ക്രീമിന്റെ ട്യൂബിനുള്ളിൽ സ്വർണം കടത്തിയ യുവാവ് ജയ്പൂർവിമാനത്താവളത്തിൽ അറസ്റ്റിൽ. ഇയാളിൽ നിന്ന് 145.26 ഗ്രാം വരുന്ന ഏഴ് സ്വർണക്കമ്പികൾ കണ്ടെടുത്തു. ഏകദേശം 7.51 ലക്ഷം രൂപ വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജസ്ഥാനിലെ ചുരു സ്വദേശിയായ യുവാവ് ഞായറാഴ്ച രാവിലെ ഖത്തറിലെ ദോഹയിൽ നിന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യം യാത്ര ചെയ്തത്. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചെങ്കിലും ജയ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഇവിടെ വന്നിറങ്ങിയപ്പോൾ ജയ്പൂരിൽ പിടിക്കപ്പെട്ടു.
അറസ്റ്റിലായ യുവാവിന്റെ ബാഗ് ആദ്യം പരിശോധിച്ചപ്പോൾ മെഷീനിൽ പോലും സ്വർണം കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എക്സ്റേ മെഷീനിലെ ബാഗ് വീണ്ടും പരിശോധിച്ചപ്പോൾ അതിൽ കറുത്ത പാടുകൾ കണ്ടെത്തി, തുടർന്ന് ഇയാളുടെ സാധനങ്ങൾ പരിശോധിച്ചു. ലഗേജിൽ നിന്ന് ചോക്ലേറ്റും സൗന്ദര്യവർധക വസ്തുക്കളും സൂക്ഷിച്ചിരുന്ന ഒരു ചെറിയ പാത്രവും കണ്ടെത്തി.
ബാഗിലുണ്ടായിരുന്ന സൗന്ദര്യവർധക വസ്തുക്കളുടെ ട്യൂബുകൾ കത്തി ഉപയോഗിച്ച് മുറിച്ചു പരിശോധിച്ചപ്പോഴാണ് സ്വർണക്കമ്പിയുടെ ചെറിയ കഷ്ണങ്ങൾ ഇതിൽ കണ്ടെത്തിയത്. എന്നാൽ താൻ ദോഹയിൽ കൂലിപ്പണിക്കാരനാണെന്നും പരിചയക്കാരനാണ് ഈ ബക്കറ്റ് തന്നതെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ചോക്ലേറ്റുകളും കോസ്‌മെറ്റിക് ക്രീമുകളുമാണെന്ന് പറഞ്ഞാണ് തന്നെ ഇത് ഏൽപ്പിച്ചതെന്നും ക്രീമിന്റെ ട്യൂബിൽ സ്വർണക്കമ്പി ഉണ്ടായിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.