യുവതിയെ പീഡിപ്പിച്ചയാളെ വീട്ടുകാർ കാറിൽ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

ഈ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് യുവതിയും വീട്ടുകാരും ഇരുവർക്കുമെതിരെ ലൈം​ഗികാതിക്രമ പരാതി നൽകിയിരുന്നു.

Update: 2022-10-29 14:49 GMT
Advertising

​ഗുരു​ഗ്രാം: യുവതിയെ പീഡിപ്പിച്ചയാളെ വീട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. ഹരിയാന ഫരീദാബാദിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 32കാരനായ മോഹിത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭൂപാനി സ്വദേശിയായ 28കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് യുവതിയുടെ വീട്ടുകാർ മോഹിതിനേയും സുഹൃത്ത് നവീനെയും മർദിച്ചത്.

വടിയും ഇരുമ്പു വടികളും ഉപയോ​ഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മോഹിത് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നവീൻ ഡൽ​ഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 11ഓടെ കാറിലിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കെ യുവതിയുടെ വീട്ടുകാരും ബന്ധുക്കളും പ്രതികളെ വളയുകയായിരുന്നു.

കോടാലിയും ഇരുമ്പുവടികളും ഉപയോ​ഗിച്ച് കാറിന്റെ ചില്ലുകൾ തകർത്ത ഇവർ ഇരുവരേയും പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ഇതുവഴി പട്രോളിങ്ങിന് പോയ പൊലീസ് വാഹനം അടുത്തെത്തുംവരെ ആക്രമണം തുടർന്നു. പൊലീസുകാർ വാഹനം നിർത്തിയിറങ്ങി അടുത്തേക്കെത്തിയതോടെ ഇവർ ഓടിരക്ഷപെടുകയായിരുന്നു.

ഈ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് യുവതിയും വീട്ടുകാരും പൊലീസ് സ്റ്റേഷനിൽ എത്തുകയും മോഹിതിനും നവീനുമെതിരെ ലൈം​ഗികാതിക്രമ പരാതി നൽകുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് പരാതി രേഖപ്പെടുത്തിക്കൊണ്ടിരിക്കെ ബന്ധുക്കളിൽ ഒരാൾക്ക് അയൽവാസിയിൽ നിന്ന് ഫോൺകോൾ വന്നു.

മോഹിതും നവീനും യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും പരാതിപ്പെട്ടാൽ മറ്റ് സ്ത്രീകൾ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഫോൺ വിളിച്ചയാൾ പറഞ്ഞു. ഇതോടെ ഉടൻ തന്നെ ഇവർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഒരു സംഘം പൊലീസുകാർ ഇവരെ പിന്തുടർന്നു.

എന്നാൽ ഇവർ വീട്ടിലെത്തിയപ്പോഴേക്കും പ്രതികൾ അവിടെനിന്നും പോയിരുന്നു. തുടർന്ന് യുവതിയെ തങ്ങൾ ബി.കെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും പ്രതികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു- ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ഇതിനിടെയാണ് ഭൂപാനിയിൽ വച്ച് യുവതിയുടെ വീട്ടുകാർ മോഹിതിനേയും നവീനേയും പിടികൂടി മർദിക്കുന്നുവെന്ന വിവരം തങ്ങൾക്ക് ലഭിച്ചത്. ഉടൻ തന്നെ ഒരു സംഘം പൊലീസുകാർ അവിടെയെത്തിയെങ്കിലും യുവതിയുടെ വീട്ടുകാർ സ്ഥലംവിട്ടു. യുവാക്കളുടെ തലയിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. ഇരുവരേയും ബി.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മോഹിതിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് നവീനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മോഹിത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ഇരുവരേയും ആക്രമിച്ച സംഭവത്തിൽ യുവതിയുടെ കുടുംബത്തിലെ നാല് പേർക്കെതിരെ ഭൂപാനി പൊലീസ് കേസെടുത്തു. ഇവരിൽ 20കാരനായ ഒരാൾ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഐ.പി.സി 302 (കൊലപാതം), 148 (മാരകായുധങ്ങൾ ഉപയോ​ഗിച്ച് കലാപമുണ്ടാക്കുക), 323 (മനഃപൂർവം പരിക്കേൽപ്പിക്കുക), 427, 149 എന്നീ വകുപ്പുകളാണ് അക്രമികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News