'രാജ്യത്ത് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ നിരന്തരമായി ആക്രമണം നടക്കുന്നു' മീഡിയവൺ വിലക്കിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.റാം

മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നും, സർക്കാർ വ്യാഖ്യാനങ്ങളെ ചോദ്യംചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമങ്ങളെ അടിച്ചമർത്താനും വിമർശനങ്ങളെ തടയാനും കേന്ദ്രസർക്കാർ അധികാര ദുർവിനിയോഗം നടത്തരുതെന്നും ദേശീയ രംഗത്തെ പ്രമുഖരായ മാധ്യമ, സാമൂഹിക, രാഷ്ട്രീയ വ്യക്തിത്വങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു

Update: 2022-02-14 12:49 GMT
Editor : afsal137 | By : Web Desk
Advertising

രാജ്യത്ത് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകരക്കുമെതിരെ നിരന്തരമായി ആക്രമണം നടക്കുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു ഡയറക്ടറുമായ എൻ.റാം. മീഡിയവണിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. മീഡിയവണിനും ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം മീഡിയവൺ വിലക്കിനെതിരെ ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും മീഡിയവൺ ചീഫ് എഡിറ്റർ പ്രമോദ് രാമനും സംസാരിച്ചു.

മാധ്യമ സ്വാതന്ത്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള കടന്നു കയറ്റമാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും വിലക്കിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയില്ലെന്നും എൻ. റാം പ്രതികരിച്ചു. സ്വാഭാവിക നീതിയാണ് മീഡിയവണിന് നഷ്ടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ തുറന്നടിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ കുത്തനെ താഴോട്ടു പോയെന്നും കേന്ദ്ര സർക്കാർ മാധ്യമങ്ങളെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങൾ നമുക്കു മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് തെറ്റാണ് ചെയ്തതെന്ന് പറയാതെയാണ് മീഡിയവണിന്റെ ലൈസൻസ് റദ്ദാക്കിയത്, ദേശ സുരക്ഷയെ അപകടത്തിലാക്കുന്ന വാർത്ത മീഡിയവൺ കൊടുത്തിട്ടില്ല, മേൽ കോടതികളിൽ നിന്നും മീഡിയവണിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്ത് ഉയർന്നു വരുന്നത് ഗുരുതര സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നും, സർക്കാർ വ്യാഖ്യാനങ്ങളെ ചോദ്യംചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമങ്ങളെ അടിച്ചമർത്താനും വിമർശനങ്ങളെ തടയാനും കേന്ദ്രസർക്കാർ അധികാര ദുർവിനിയോഗം നടത്തരുതെന്നും ദേശീയ രംഗത്തെ പ്രമുഖരായ മാധ്യമ, സാമൂഹിക, രാഷ്ട്രീയ വ്യക്തിത്വങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദി ഹിന്ദു ചെയർമാൻ എൻ. റാം, സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ മുൻ അധ്യക്ഷൻ ആകാർ പട്ടേൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ സിങ് എന്നിവരടക്കം 43 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News