ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി ഊരിമാറ്റുന്നത് ക്രൂരമെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞോ?; വസ്തുത ഇതാണ്
മദ്രാസ് ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച വാർത്തകൾ വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണെന്നാണ് പ്രമുഖ നിയമവാർത്താ വെബ്‌സൈറ്റായ 'ലൈവ് ലോ' റിപ്പോർട്ടിൽ പറയുന്നത്.
ചെന്നൈ: ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി ഊരിമാറ്റുന്നത് ക്രൂരമെന്ന മദ്രാസ് ഹൈക്കോടതി നിരീക്ഷണം കഴിഞ്ഞ ആഴ്ചയിലെ വലിയ വാർത്തകളിലൊന്നായിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ ഇത് വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമായ റിപ്പോർട്ടാണെന്നാണ് പ്രമുഖ നിയമവാർത്താ വെബ്‌സൈറ്റായ 'ലൈവ് ലോ' പറയുന്നത്. ജസ്റ്റിസ് വി.എം വേലുമണി, എസ്. സൗന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
ഈറോഡ് മെഡിക്കൽ കോളജിലെ പ്രൊഫസർ സി. ശിവകുമാറിന്റെയും ശ്രീവിദ്യയുടെയും വിവാഹമോചന ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ സ്വയം താലി ഊരിമാറ്റുന്നത് ക്രൂരവും ഭർത്താവിന് മാനസിക പീഡനമുണ്ടാക്കുന്നതുമാണെന്ന് കോടതി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കോടതി പറഞ്ഞത് നേരെ തിരിച്ചായിരുന്നു. ഭാര്യ സ്വയം താലി ഊരിമാറ്റിയെന്നത് ക്രൂരതയായി വിലയിരുത്താനാവില്ലെന്നാണ് കോടതി നിരീക്ഷണം.
2016 ജൂൺ 15ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് സി. ശിവകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി താലിമാല സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ശിവകുമാറിനെതിരെ ഭാര്യ പരസ്യമായി പരസ്ത്രീ ബന്ധം ആരോപിച്ചിരുന്നു. വനിതാ സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും പൊലീസിന്റെയും മുന്നിൽവെച്ചുപോലും പരാതിക്കാരനെ ആക്ഷേപിക്കാൻ ശ്രമമുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ശിവകുമാറിനെതിരെ കേസ് നൽകി. താലിമാല ഊരിമാറ്റിയതിനെ ഇതുമായി ബന്ധപ്പെടുത്തിയാണ് കോടതി വിലയിരുത്തിയത്. ശിവകുമാറിനോടുള്ള ഭാര്യയുടെ മൊത്തത്തിലുള്ള പെരുമാറ്റം അങ്ങേയറ്റം അവഹേളിക്കുന്നതും മാനസികമായി വേദനിപ്പിക്കുന്നതുമാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. താലി ഊരിമാറ്റുന്നത് ബന്ധം തുടരാൻ താൽപര്യമില്ലെന്നതിന്റെ സൂചനയാണെന്നും കോടതി പറഞ്ഞു.
വിധിപ്രസ്താവനക്കിടെ 2016ലെ മറ്റൊരു ബെഞ്ചിന്റെ വിധി കോടതി ഉദ്ധരിച്ചിരുന്നു. താലി ഊരുമാറ്റുന്നത് മാനസിക പീഡനത്തിന്റെ അങ്ങേയറ്റമാണെന്നായിരുന്നു അന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. ഈ ഉദ്ധരണി തലക്കെട്ടാക്കിയാണ് പല മാധ്യമങ്ങളും വാർത്ത നൽകിയതെന്നും 'ലൈവ് ലോ' റിപ്പോർട്ടിൽ പറയുന്നു.