കൂടുതല്‍ ബീഫ് കഴിക്കൂ, ജനാധിപത്യ രാഷ്ട്രത്തില്‍ എന്തും കഴിക്കാം: ബിജെപി മന്ത്രി

കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതൽ ബീഫ് കഴിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്

Update: 2021-08-01 07:00 GMT
Advertising

ജനങ്ങളോട് ബീഫ് കൂടുതൽ കഴിക്കാൻ ആവശ്യപ്പെട്ട് മേഘാലയയിലെ ബിജെപി മന്ത്രി സാൻബോർ ഷുലൈ. കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതൽ ബീഫ് കഴിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള എന്ത് ഭക്ഷണവും കഴിക്കാൻ ആര്‍ക്കും അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഷുലൈ മേഘാലയിലെ മൃഗസംരക്ഷണ മന്ത്രിയാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം മന്ത്രിയായത്. ജനങ്ങളെ ബീഫ് കഴിക്കാൻ പ്രോത്സാഹിപ്പിച്ചാൽ ബി.ജെ.പി ഗോവധ നിരോധനം അടിച്ചേൽപ്പിക്കുകയാണെന്ന ആക്ഷേപം ഒഴിവാക്കാമെന്നും മന്ത്രി വിശദീകരിച്ചു.

തൊട്ടടുത്ത സംസ്ഥാനമായ അസമിലെ പശുസംരക്ഷണ നിയമം മേഘാലയയിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിന് തടസമാകില്ലെന്ന് ഉറപ്പാക്കുമെന്നും സാൻബോർ ഷുലൈ പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുമായി ഇക്കാര്യം സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മേഘാലയ-അസം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചും മന്ത്രി പ്രതികരിച്ചു. അസം ജനത അതിര്‍ത്തിയിലെ ആളുകളെ ഉപദ്രവിച്ചാല്‍ ചര്‍ച്ചയിലും ചായയിലും ഒതുങ്ങില്ലെന്നും തത്സമയം പ്രതികരിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. താന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും പക്ഷേ ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

"ശത്രുക്കള്‍ വീട്ടിലെത്തി ഭാര്യയെയും കുഞ്ഞുങ്ങളെയും ആക്രമിച്ചാല്‍ സ്വയംപ്രതിരോധിക്കേണ്ടിവരും. അത് തന്നെയാണ് അതിര്‍ത്തിയിലും ചെയ്യേണ്ടത്. വീട് കൊള്ളയടിക്കാന്‍ ആരെങ്കിലും വന്നാല്‍ നമ്മള്‍ സ്വയം സംരക്ഷിക്കണം. അത് നിയമപരമാണോ അല്ലയോ എന്നതല്ല വിഷയം"- അന്‍പതിലേറെ വര്‍ഷമായി അതിര്‍ത്തി തര്‍ക്കം തുടരുകയാണെന്നും പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News