ബി.ജെ.പി ജയിച്ചാല്‍ മേഘാലയക്ക് ഫിലിം സിറ്റി: രവി കിഷന്‍ എം.പി
ഉത്തർപ്രദേശിൽ പാർട്ടി ചെയ്തത് പോലെ മേഘാലയയിലും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഷില്ലോംഗ്: ഫെബ്രുവരി 27ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മേഘാലയയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് എം.പിയും നടനുമായ രവി കിഷന്‍. ഉത്തർപ്രദേശിൽ പാർട്ടി ചെയ്തത് പോലെ മേഘാലയയിലും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷില്ലോങ്ങിലെ യുവാക്കൾക്ക് സംഗീതത്തിലും കലയിലും താല്‍പര്യമുള്ളതിനാല്‍ ബിജെപി അധികാരത്തിലെത്തിയാൽ ഇവിടെ ഒരു ഫിലിം സിറ്റി നിർമിക്കും.സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കിഷൻ പറഞ്ഞു.സപ്പോർട്ട് സ്റ്റാഫ് മുതൽ സൗണ്ട്മാൻ, ടെക്നീഷ്യൻ, ആർട്ടിസ്റ്റുകൾ, മാനേജർമാർ തുടങ്ങി വിവിധതരം തൊഴിലവസരങ്ങൾ ഈ ഫിലിം സിറ്റിയിലൂടെ സൃഷ്ടിക്കപ്പെടും.മേഘാലയയുടെ സൗന്ദര്യം, വൈവിധ്യം, സംസ്കാരം, സമ്പന്നമായ പാരമ്പര്യങ്ങൾ എന്നിവ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് മേഘാലയ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹില്‍സ് സൗത്ത് തുറയിലെ പി.എ സാങ്മ സ്റ്റേഡിയത്തില്‍ 24ന് നടത്താനിരുന്ന റാലിക്കാണ് സംസ്ഥാന കായിക വകുപ്പ് അനുമതി നിഷേധിച്ചത്. എന്നാല്‍ റാലിയുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി അറിയിച്ചു.