വിമതർക്കൊപ്പം ചേരുന്ന എട്ടാം മന്ത്രി; ഉദയ് സാവന്ത് ഷിൻഡെ ക്യാമ്പിൽ

നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുകയാണ്

Update: 2022-06-26 11:35 GMT
Advertising

മുംബൈ: ഒരു ശിവസേന മന്ത്രി കൂടി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേനാ ക്യാമ്പിൽ. മഹാരാഷ്ട്ര മന്ത്രി ഉദയ് സാവന്താണ് ഷിൻഡെക്കൊപ്പം ചേർന്നത്. വിമതർക്കൊപ്പം ചേരുന്ന എട്ടാമത്തെ മന്ത്രിയാണ് ഉദയ് സാവന്ത്. നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുകയാണ്.

16 വിമത എംഎൽഎമാർക്ക് ഇതിനകം നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചു. അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണം എന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ചയ്ക്ക് അകം മറുപടി നൽകണം എന്നാണ് നിർദേശം. സ്വതന്ത്രര്‍ ഉള്‍പ്പെടെ അമ്പതോളം എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്.

ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവിന്റെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചതിനെ തുടർന്നാണിത്. ശനിയാഴ്ച ചേർന്ന പാർട്ടി നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

പ്രതിസന്ധികൾക്കിടെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനാണ് യാത്ര. നാളെയാണ് പത്രികാ സമർപ്പണം. യാത്രയ്ക്ക് മുമ്പെ കോൺഗ്രസ് നേതാക്കളായ ബാലാസാഹബ് തോറത്തും അശോക് ചവാനും പവാറുമായി കൂടിക്കാഴ്ച നടത്തി.

Minister Uday Sawant at the Shinde Camp

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News