നാ​ഗ്പൂരിൽ 12കാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരപീഡനം; പാത്രവും കത്തിയും ചൂടാക്കിയും സിഗരറ്റ് കൊണ്ടും പൊള്ളിച്ചു; പൂട്ടിയിട്ടു

ബെം​ഗളൂരു സ്വദേശിനിയായ പെൺകുട്ടി അഥർവ നാ​ഗരി സൊസൈറ്റിയിലെ ഒരു വീട്ടിൽ മൂന്നു വർഷമായി ജോലി ചെയ്തുവരികയായിരുന്നു.

Update: 2023-09-01 09:12 GMT
Advertising

നാ​ഗ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ഉടമയുടെ വീട്ടിൽ ക്രൂര പീഡനം. പാത്രവും കത്തിയും ചൂടാക്കിയും സിഗരറ്റ് കൊണ്ടും പൊള്ളിച്ച പെൺകുട്ടിയെ നാല് ദിവസം വീട്ടിൽ പൂട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലെ റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് ക്രൂരത നടന്നത്.

ബെം​ഗളൂരു സ്വദേശിനിയായ പെൺകുട്ടി അഥർവ നാ​ഗരി സൊസൈറ്റിയിലെ ഒരു വീട്ടിൽ മൂന്നു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. പെൺകുട്ടി തന്റെ ജോലിയിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ, വീട്ടുകാർ അവളെ പാത്രമുൾപ്പെടെ ചൂടാക്കി പൊള്ളിക്കുമെന്നും കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തുമെന്നും എൻജിഒ പ്രവർത്തകയായ ശീതൾ പാട്ടീൽ പറയുന്നു.

കുട്ടിയെ നാലു ദിവസം വീട്ടിൽ അടച്ചിട്ട് ഉടമയുടെ കുടുംബം ബെ​ഗംളൂരുവിലേക്ക് പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. പൂട്ടിയിട്ട വീടിന്റെ ജനൽ തുറന്ന് പെൺകുട്ടി കൈ ഉയർത്തിയും മറ്റും അയൽക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയും അവരെത്തി വാതിൽ പൊളളിച്ച് കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു.

വീടിനകത്ത് കയറിയ അയൽക്കാർ, പെൺകുട്ടി കടുത്ത ക്ഷീണിതയാണെന്നും മാനസിക- ശാരീരിക ആഘാതത്തിലാണെന്നും സഹായം ആവശ്യമുള്ളതായും കണ്ടെത്തി. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും അവർ കണ്ടെത്തി.

തുടർന്ന് അയൽക്കാർ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്ന് ഹഡ്‌കേശ്വർ സ്റ്റേഷനിലെ അന്വേഷണ ഉദ്യോ​ഗസ്ഥൻ വിക്രാന്ത് സൻ​ഗനെ പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായി വ്യക്തമായി.

തുടർന്ന്, ബംഗളൂരു പൊലീസുമായി ഹഡ്‌കേശ്വർ പൊലീസ് ബന്ധപ്പെട്ടു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി താമസിച്ച വീടിന്റെ ഉടമകളായ ദമ്പതികളെ ബെംഗളൂരു പൊലീസ് പിടികൂടി നാഗ്പൂർ പൊലീസിന് കൈമാറി. ദമ്പതികൾക്കെതിരെ കേസെടുത്ത ഹഡ്‌കേശ്വർ പൊലീസ്, വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അറിയിച്ചു.

പ്രാഥമിക വിവരമനുസരിച്ച്, പെൺകുട്ടിയെ നാഗ്പൂരിലേക്ക് കൊണ്ടുവരുമ്പോൾ അവൾക്ക് വിദ്യാഭ്യാസവും പരിചരണവും നൽകാമെന്ന് പ്രതികളായ ദമ്പതികൾ മാതാപിതാക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിക്കപ്പെടുകയും വീട്ടുജോലിക്കായി നിർബന്ധിക്കുകയും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുകയുമായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News