ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കിയാൽ രാജ്യം വിഭജിക്കപ്പെടും-രഘുറാം രാജൻ

'സഹിഷ്ണുതയിലും എല്ലാവരോടുമുള്ള ബഹുമാനത്തിലും ഊന്നിയുള്ള നമ്മുടെ സംസ്‌കാരത്തിനുമേലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കെട്ടിപ്പടുക്കേണ്ടത്. ലോകത്തിന്റെ വിശ്വാസം പിടിച്ചെടുക്കാൻ രാജ്യത്തിന്റെ ഉദാര ജനാധിപത്യത്തെ ശക്തിപ്പെടുത്തൽ അനിവാര്യമാണ്.'

Update: 2023-05-20 06:25 GMT
Editor : Shaheer | By : Web Desk
Advertising

റായ്പൂർ: രാജ്യത്ത് ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കത്തെ വിമർശിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. വലിയൊരു വിഭാഗം വരുന്ന ന്യൂനപക്ഷത്തെ രണ്ടാംകിട പൗരന്മാരാക്കിയാൽ അത് രാജ്യത്തെ വിഭജിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദാരജനാധിപത്യത്തിലാണ്, ഏകാധിപത്യത്തിലല്ല രാജ്യത്തിനു വളർച്ചയുണ്ടാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റായ്പൂരിൽ അഞ്ചാമത് ആൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ന്യൂനപക്ഷത്തെ രണ്ടാംകിടക്കാരാക്കാനുള്ള നീക്കം ഭൗമരാഷ്ട്രീയമായി പ്രക്ഷുബ്ധമായ ഈ കാലത്ത് നമ്മെ കൂടുതൽ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. വിദേശ ഇടപെടലിനെ സഹായിക്കുന്ന തരത്തിൽ രാജ്യത്തെ കൂടുതൽ ദുർബലമാക്കുകയും ചെയ്യും. ഒരു നിലയ്ക്കും നല്ലതിലേക്കല്ല ഇതു നയിക്കുക'-അദ്ദേഹം സൂചിപ്പിച്ചു.

'രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ശക്തവും ഏകാധിപത്യശൈലിയിലുള്ളതുമായ നേതൃത്വം വേണമെന്ന അഭിപ്രായം ചില ഭാഗങ്ങളിൽനിന്ന് ഉയരുന്നുണ്ട്. ഈ വാദം പൂർണമായും തെറ്റാണ്. ജനങ്ങൾക്കും ആശയങ്ങൾക്കും പകരം മൂലധനത്തെയും ചരക്കിനെയും കേന്ദ്രീകരിച്ചുള്ള കാലഹരണപ്പെട്ട വികസനമാതൃകയിൽ അടിസ്ഥാനമാക്കിയുള്ള നിലപാടാണത്.'-രഘുറാം രാജൻ വ്യക്തമാക്കി.

സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ രാജ്യത്തിന്റെ മോശം പ്രകടനം നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയെക്കുറിച്ച് പുനർവിചിന്തനം ആവശ്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു പതിറ്റാണ്ടോളമായി സാമ്പത്തിക രംഗത്ത് നമ്മുടെ പ്രകടനം അത്ര ആശാവഹമല്ല. നമ്മുടെ യുവാക്കൾക്ക് വേണ്ട തൊഴിൽ ലഭ്യമാക്കുന്നതിലുള്ള വീഴ്ചയാണ് ഈ മോശം പ്രകടനത്തിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ആന്തരികമായ ശക്തിയെ പരമാവധി പ്രയോജനപ്പെടുത്തി വേണം ഇന്ത്യയുടെ വളർച്ചയുണ്ടാവേണ്ടത്. സഹിഷ്ണുതയിലും എല്ലാവരോടുമുള്ള ബഹുമാനത്തിലും ഊന്നിയുള്ള നമ്മുടെ സംസ്‌കാരത്തിനുമേലാണ് ഈ വളർച്ച കെട്ടിപ്പടുക്കേണ്ടത്. ലോകത്തിന്റെ വിശ്വാസം പിടിച്ചെടുക്കാൻ രാജ്യത്തിന്റെ ഉദാര ജനാധിപത്യത്തെ ശക്തിപ്പെടുത്തൽ അനിവാര്യമാണ്. നമ്മുടെ സ്വതന്ത്ര ജുഡിഷ്യറിയും ഉദാര ജനാധിപത്യവും ഇതിൽ പ്രധാനമാണ്. ജനാധിപത്യ സ്ഥാപനങ്ങളെ ശക്കിപ്പെടുത്തി വേണം മുന്നോട്ടുപോകാനെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.

Summary: 'Attempt to turn minorities into second class citizens will divide country'; Says former RBI governor Raghuram Rajan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News