'രാമക്ഷേത്ര ചടങ്ങ് ഹിന്ദുക്കളോട് പ്രായശ്ചിത്തം ചെയ്യാനുള്ള സുവർണാവസരം, നഷ്ടപ്പെടുത്തി'; കോൺഗ്രസിനോട് ഹിമന്ത

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ക്ഷണം നിരസിച്ചതിനാൽ ഹിന്ദു വിരുദ്ധർ ആയി തന്നെ കോൺഗ്രസ് ഇനിയും വിലയിരുത്തപ്പെടുമെന്നും ഹിമന്ത ബിശ്വ ശർമ

Update: 2024-01-11 12:11 GMT
Advertising

ഗുവാഹത്തി: അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് നിലപാടിൽ പ്രതികരണവുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കളോട് ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ കോൺഗ്രസിന് ലഭിച്ച സുവർണാവസരമായിരുന്നു ഉദ്ഘാടന ചടങ്ങെന്നും ക്ഷണം നിരസിച്ചതിനാൽ ഹിന്ദു വിരുദ്ധർ ആയി തന്നെ കോൺഗ്രസ് ഇനിയും വിലയിരുത്തപ്പെടുമെന്നും ഹിമന്ത പറഞ്ഞു.

"ഹിന്ദു സമൂഹത്തോടും സംസ്‌കാരത്തോടും ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ കോൺഗ്രസിന് വിഎച്ച്പി നൽകിയ സുവർണാവസരമായിരുന്നു രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം... അവരത് നഷ്ടപ്പെടുത്തി. രാമക്ഷേത്രത്തോടുള്ള കോൺഗ്രസിന്റെ സമീപനം വെച്ച് അത്തരമൊരു ക്ഷണം പോലും അവർ അർഹിച്ചിരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. എങ്കിലും ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ ഹിന്ദു സമൂഹത്തോട് പരോക്ഷമായെങ്കിലും അതൊരു മാപ്പു പറച്ചിലായേനെ. പണ്ഡിറ്റ് നെഹ്‌റു എന്താണോ സോമനാഥ ക്ഷേത്രത്തോട് ചെയ്തത്, അതാണ് കോൺഗ്രസ് ഇപ്പോൾ രാമക്ഷേത്രത്തോട് ചെയ്യുന്നത്. ചരിത്രം കോൺഗ്രസിനെ ഹിന്ദു വിരുദ്ധരായി തന്നെ കണക്കാക്കും". ഹിമന്ത പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കായിരുന്നു് ചടങ്ങിലേക്ക് ക്ഷണം. അയോധ്യയിൽ നടക്കുന്നത് ആർഎസ്എസ്- ബിജെപി പരിപാടിയാണെന്നും അതുകൊണ്ട് തന്നെ പങ്കെടുക്കില്ലെന്നുമാണ് കോൺഗ്രസ് നിലപാട്‌

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News