'കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നു'; പാർലമെന്റ് വളപ്പിൽ എ.എ.പി പ്രതിഷേധം
കെജ്‌രിവാളിനെ മോചിപ്പിക്കണമെന്നും എ.എ.പി എംപിമാർ
ഡൽഹി: ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതാരോപിച്ച് പാർലമെന്റിന് മുന്നിൽ ആംആദ്മി പാർട്ടി എംപിമാർ പ്രതിഷേധിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് സിങ്ങും രാഘവ് ഛദ്ദയും ഉൾപ്പെടെയുള്ള എ.എ.പി എംപിമാർ പ്രതിഷേധിച്ചത്.
പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പാർലമെൻ്റ് വളപ്പിലായിരുന്നു പ്രതിഷേധം. മൂന്നാം മോദി സർക്കാറിന്റെ ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ട്മുമ്പാണ് ഇവർ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയത്.
ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ ആരോഗ്യ നില മോശമാവുകയാണെന്ന് സജ്ഞയ് സിങ് എം.പി പറഞ്ഞു. കെജ്‌രിവാളിൻ്റെ ഷുഗർ ലെവൽ ഇതുവരെ 36 തവണ കുറഞ്ഞതായി പറഞ്ഞ അദ്ദേഹം അറസ്റ്റ് എന്നതിനപ്പുറത്തേക്ക് കെജ്‌രിവാളിനെ കൊല്ലാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണ് ഇത് തെളിയിക്കുന്നതെന്നും ആരോപിച്ചു. ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ ജീവിതം കൊണ്ടാണ് നിങ്ങൾ കളിക്കുന്നതെന്നും സജ്ഞയ് സിങ് ഓർമിപ്പിച്ചു.
കെജ്‌രിവാളിന് ജയിലിൽ ആവശ്യമായ വൈദ്യസഹായം നൽകാതെ കൊലപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് എ.എ.പി കഴിഞ്ഞ ദിവസവും രംഗത്തു വന്നിരുന്നു. കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒന്നിലധികം തവണ അപകടകരമാംവിധം 50 മില്ലിഗ്രാം/ഡിഎല്ലിൽ താഴെയായെന്ന് എഎപി നേതാവ് അതിഷി ആരോപിച്ചിരുന്നു.
ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേനയും എ.എ.പിയും തമ്മിലുള്ള രാഷ്ട്രീയ വാക്പോരിലും കെജ്രിവാളിന്റെ ആരോഗ്യനില ചർച്ചയായിരുന്നു. മെഡിക്കൽ വിദഗ്ധർ നൽകുന്ന ഭക്ഷണക്രമവും മരുന്നുകളും കെജ്‌രിവാൾ മനഃപൂർവ്വം ഒഴിവാക്കുകയാണെന്ന് എൽ.ജി ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ പോലെ ഉത്തരവാദിത്തമുള്ള നേതാവ് ബോധപൂർവ്വം അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ അതിഷി എൽജിയുടെ ആരോപണങ്ങൾ നിഷേധിക്കുകയും കെജ്‌രിവാൾ കോമയിലേക്കും പോകാനും മസ്തിഷ്‌കാഘാതത്തിനും സാധ്യതയുണ്ടെന്നും പറഞ്ഞു.
മദ്യനയ അഴിമതിയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റുചെയ്തത്. പിന്നീട് ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ കെജ്‌രിവാൾ തിഹാർ ജയിലിലാണ്.