'നിങ്ങളുടെ പാർട്ടിയിൽ 261 റൗഡിമാരുണ്ട്';നരേന്ദ്രമോദിയോട് എം.കെ സ്റ്റാലിൻ

തമിഴ്നാട്ടിൽ ക്രമസമാധാനം തകരുകയാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പിയിലെ ക്രിമിനൽ നേതാക്കളുടെ കണക്കുമായാണ് സ്റ്റാലിൻ പ്രതികരിച്ചത്

Update: 2024-03-31 05:42 GMT
Advertising

തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തോട് പ്രതികരിച്ച് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ ക്രമസമാധാനം തകരുകയാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പിയിലെ ക്രിമിനൽ നേതാക്കളുടെ കണക്കുമായി സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബി.ജെ.പിക്ക് ക്രിമിനൽ പശ്ചാത്തലമുള്ള 261 നേതാക്കളുണ്ടെന്നും ഇത്തരം നേതാക്കൾ തന്റെ പാർട്ടിക്കുള്ളിലായിരിക്കുമ്പോൾ ക്രമസമാധാനപാലനത്തെക്കുറിച്ച് അഭിപ്രായം പറയാൻ പ്രധാനമന്ത്രി മോദിക്ക് എന്ത് അവകാശമാണുള്ളതെന്നും സ്റ്റാലിൻ ചോദിച്ചു.

'എല്ലാ റൗഡികളും നിങ്ങളുടെ (പി.എം മോദി) പാർട്ടിയിലായിരിക്കുമ്പോൾ, ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം?' നീണ്ട ക്രിമിനൽ പശ്ചാത്തലമുള്ള, ബി.ജെ.പി നേതാക്കളുടെ 32 പേജുള്ള പട്ടിക കാണിച്ച് സ്റ്റാലിൻ ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മോശമായെന്ന് തെളിയിക്കാൻ തെളിവുണ്ടോയെന്നും മോദിയോട് എം.കെ സ്റ്റാലിൻ ചോദിച്ചു. ബി.ജെ.പി നേതാക്കൾക്കെതിരെ 1977 കേസുകളുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

സേലത്ത് ഡി.എം.കെ സ്ഥാനാർഥി ടി.എം സെൽവഗണപതിക്കും കല്ല്കുറിച്ചി ഡി.എം.കെ സ്ഥാനാർഥി ഡി മലയരശനും വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് മോദിയുടെ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News