ശ്രീരാമനെ കുറിച്ച് മാത്രം സംസാരിക്കുക; മന്ത്രിമാർക്ക് നരേന്ദ്രമോദിയുടെ നിർദേശം
പ്രതിഷ്ഠാ ചടങ്ങ് ദേശീയ ഉത്സവമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകോപനപരമായ പ്രസ്താവനകൾ പാടില്ലെന്ന് മന്ത്രിമാർക്ക് നിർദേശം നൽകി. ശ്രീരാമ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ മാത്രം സംസാരിക്കുകയെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ജനുവരി 22നാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം. രാജ്യമാകെ വിപുലമായ പരിപാടികളാണ് പ്രതിഷ്ഠാ ദിവസം നടക്കുക. ചടങ്ങ് ദേശീയ ഉത്സവം എന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതിഷ്ഠാ ദിനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ക്ഷേത്ര നിര്‍മിതിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപൂര്‍വമായ കൊത്തുപണികളും ഗരുഢ പ്രതിമയും അടക്കമുള്ള സൗന്ദര്യ രൂപങ്ങൾ വീഡിയോയിൽ കാണാം.
മൂന്നു നിലകളിലായാണ് രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഓരോ നിലക്കും 20 അടി ഉയരം, ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. സ്വർണവാതിലുകളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളുമടക്കം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ ഏഴായിരത്തിലേറെ പേര്‍ എത്തുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് പുറത്തുവിട്ടിരിക്കുന്ന വിവരം.