'ആദിവാസികൾ ദേശദ്രോഹികള്‍ ആകാതിരിക്കാൻ കാരണം ഘർ വാപസി'; പ്രണബ് മുഖർജി പ്രകീർത്തിച്ചെന്ന് വെളിപ്പടുത്തലുമായി മോഹൻ ഭഗവത്‌

'ഘർ വാപസി'ക്കെതിരെ പാർലമെന്റിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രണബ് മുഖർജി പറഞ്ഞ കാര്യങ്ങളാണ് ആർഎസ്എസ് തലവൻ വെളിപ്പെടുത്തിയത്

Update: 2025-01-15 06:58 GMT
Editor : Shaheer | By : Web Desk
Advertising

ഇൻഡോർ: സംഘ്പരിവാറിന്റെ 'ഘർ വാപസി' പരിപാടിയെ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജി പ്രകീർത്തിച്ചിരുന്നതായി വെളിപ്പെടുത്തലുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ഹിന്ദുമതത്തിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള ഇത്തരം പരിപാടിയുണ്ടായിരുന്നില്ലെങ്കിൽ ആദിവാസികളിൽ ഒരു വിഭാഗം ദേശദ്രോഹികളായി മാറുമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടതായും ഭഗവത് പറഞ്ഞു.

മധ്യപ്രദേശിലെ ഇൻഡോറിൽ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത്ത് റായിയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോഴാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ പോകുന്നത്. ഘർ വാപസിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ വലിയ ബഹളം നടക്കുന്ന സമയമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ടു കുറേ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരുമെന്നു കരുതി ഞാൻ ആദ്യമേ തയാറായായിരുന്നു പോയത്.''-ഭഗവത് പറഞ്ഞു.

''നിങ്ങൾ എങ്ങനെയാണ് ആളുകളെ തിരിച്ചുകൊണ്ടുവന്ന് പത്രസമ്മേളനം നടത്തുന്നതെന്നു ചോദിച്ചു പ്രണബ് മുഖർജി. അങ്ങനെ ചെയ്തതാണു വലിയ വിവാദമായത്. ഇത് രാഷ്ട്രീയമാണ്. രാഷ്ട്രപതിയായിരുന്നില്ലെങ്കിൽ, കോൺഗ്രസിലായിരുന്നെങ്കിൽ ഞാനും പാർലമെന്റിൽ പ്രതിഷേധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യദ്രോഹികളാകേണ്ടിയിരുന്ന 30 ശതമാനം ആദിവാസികൾ നിങ്ങളുടെ പ്രവർത്തനം കാരണമാണ് അങ്ങനെയല്ലാതായതെന്നും പ്രണബ് പറഞ്ഞു. (അദ്ദേഹത്തിന്റെ സംസാരത്തിന്റെ സ്വഭാവം കണ്ട് സന്തോഷവാനായി അവർ ക്രിസ്ത്യാനികളാകുമായിരുന്നു എന്നാണോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ക്രിസ്ത്യാനികളല്ല, രാജ്യദ്രോഹികൾ ആകുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി).''

ഉൾപ്രേരണയാലാണു മതപരിവർത്തനമെങ്കിൽ പ്രശ്‌നമില്ലെന്നും പ്രണബ് മുഖർജി തുടർന്നു. എല്ലാ മാർഗവും ശരിയാണെന്നാണു നമ്മൾ വിശ്വസിക്കുന്നത്. എല്ലാവർക്കും സ്വന്തമായ വഴി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, പ്രലോഭനത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് മതപരിവർത്തനം നടത്തുന്നതെങ്കിൽ അതിന്റെ ലക്ഷ്യം ആത്മീയമായ ജാഗരണമല്ല. (മറ്റുള്ളവരെ) ഉന്മൂലനാശം വരുത്തി സ്വാധീനം വർധിപ്പിക്കലാണ് അതുവഴി ലക്ഷ്യമിടുന്നതെന്നും പ്രണബ് മുഖർജി വിമർശിച്ചതായി മോഹൻ ഭഗവത് വെളിപ്പെടുത്തി.

അതേസമയം, മോഹൻ ഭഗവതിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി പ്രതികരിച്ചില്ലെന്ന് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. നർത്തകിയും കൊറിയോഗ്രാഫറുമായ ശർമിഷ്ഠ മുൻ കോൺഗ്രസ് ഭാരവാഹിയുമാണ്. 2018ൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രണബ് മുഖർജി പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

രാജ്യത്തെ ആദിവാസി മേഖലയിൽ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന മതപ്രബോധന പ്രവർത്തനങ്ങൾക്കെതിരെ സംഘ്പരിവാർ സംഘടനകൾ പലപ്പോഴും പ്രതിഷേധമുയർത്താറുണ്ട്. ചത്തിസ്ഗഢ്, ജാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വൈദികർക്കുനേരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്യാറുണ്ട്. മതപരിവർത്തനത്തിനെതിരായ പ്രചാരണങ്ങളുടെ തുടർച്ചയായാണ് പ്രണബ് മുഖർജിയുടെ പരാമർശങ്ങൾ ഉദ്ധരിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മധ്യപ്രദേശിലെ ചടങ്ങിൽ സംസാരിച്ചത്. ലോകം ഇന്ത്യയെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്നും 5,000 വർഷം പഴക്കമുള്ള ഇന്ത്യൻ നാഗരിക ചരിത്രത്തിന്റെ ഭാഗമാണതെന്നും ചടങ്ങിൽ ഭഗവത് ചൂണ്ടിക്കാട്ടി. ശ്രീരാമനിൽനിന്നും കൃഷ്ണനിൽനിന്നും ശിവനിൽനിന്നും ഒഴുകിവരുന്നതാണ് ആ ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: ''If no Ghar Wapsi, Adivasis would turn anti-national'': RSS chief Mohan Bhagwat ‘quotes’ Pranab Mukherjee

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News