പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കാർഷിക നിയമങ്ങൾ എന്നിവ ചര്‍ച്ചയാകും

Update: 2021-07-19 00:50 GMT
Advertising

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് വ്യത്യസ്തമായി രാവിലെ മുതൽ സഭകൾ സമ്മേളിക്കും. 11 മുതൽ വൈകിട്ട് ആറുവരെയാണ് ലോക്സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവർത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. പി.വി. അബ്ദുൾ വഹാബ്, അബ്ദുൾ സമദ് സമദാനി എന്നിവർ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.

പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയുമടക്കം ഫോൺ വിവരങ്ങൾ ചോർത്തിയതില്‍ സഭയില്‍ വലിയ പ്രതിഷേധമുയരും. മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, മനുഷ്യാവകാശ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 300ഓളം പേരുടെ വിവരങ്ങളാണ് ചോർത്തിയത്. എന്നാല്‍, വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിവര ചോർച്ച പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കും.

ഇതിന് പുറമെ കോവിഡ് രണ്ടാം തരംഗ പ്രതിരോധം, വാക്സിൻ വിതരണം എന്നിവയാകും പാർലമെന്‍റില്‍ ഉയര്‍ന്നുവരിക. കോവിഡില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധി, കോടതി വിധിയെ തുടർന്ന് മാറ്റം വരുത്തിയ വാക്സിൻ നയം, ആരോഗ്യമന്ത്രിയെ മാറ്റിയുള്ള മുഖം മിനുക്കൽ തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും.

കർഷക സമരം, ഇന്ധന വിലവർധന, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ആയുധമാക്കും. പാർലമെന്‍റിന് മുന്നിൽ കർഷകർ നിശ്ചയിച്ചിട്ടുള്ള ധർണയും കേന്ദ്രസർക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News