കശ്മീർ ഫയൽസ്, കേരള സ്റ്റോറി പോലെയുള്ള സിനിമകൾ രാജ്യത്തെ വിഭജിക്കുന്നു: ഫാറൂഖ് അബ്ദുല്ല
എച്ച്.ഡി ദേവഗൗഡയെ ബെംഗളൂരുവിലെ വസതിയിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അബ്ദുല്ല
ബെംഗളൂരു: കശ്മീർ ഫയൽസ്, ദ കേരള സ്റ്റോറി തുടങ്ങിയ സിനിമകൾ രാജ്യത്തെ വിഭജിക്കാനാണ് നിർമ്മിച്ചതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല. ബുധനാഴ്ച മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ ബെംഗളൂരുവിലെ വസതിയിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അബ്ദുല്ല.
അത്തരം സിനിമകൾ രാജ്യത്തിനും നമ്മുടെ ഭരണഘടനയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുകയേയുള്ളൂ. ഇന്ത്യ നമുക്ക് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. നിങ്ങൾ മുസ്‍ലിമോ ഹിന്ദുവോ, സിഖോ ആയാലും അല്ലെങ്കിൽ നിങ്ങൾ ആരായാലും. നിങ്ങൾ കർണാടകയിലായാലും തമിഴ്‌നാട്ടിലായാലും മഹാരാഷ്ട്രയിലായാലും കശ്മീരായാലും ഇന്ത്യ എല്ലാവരുടേതുമാണ്.നമ്മളെല്ലാം ഒന്നാണ്. ഇന്ത്യയെ നശിപ്പിക്കാനാണ് ഈ സിനിമകൾ നിർമ്മിച്ചിരിക്കുന്നത്, ”അദ്ദേഹം പറഞ്ഞു.
തന്‍റെ പഴയ സുഹൃത്തുമായുള്ള സൗഹാർദ്ദപരമായ കൂടിക്കാഴ്ചയാണിതെന്നും ഇതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും ദേവഗൗഡയുമായുള്ള സന്ദര്‍ശനത്തെക്കുറിച്ച് അബ്ദുല്ല പറഞ്ഞു.'മുൻ പ്രധാനമന്ത്രി ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങൾക്ക് നന്ദി പറയാനാണ് ഞാൻ ഇവിടെ വന്നത്.ഭീകരരെ ഭയന്ന് ജമ്മു കശ്മീരിലേക്ക് വരാൻ ആരും ധൈര്യപ്പെടാതെ വന്നപ്പോൾ അദ്ദേഹം എന്‍റെ സംസ്ഥാനത്ത് വന്ന് നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു.കശ്മീരും അവിടുത്തെ ജനങ്ങളും ഈ രാജ്യത്തിന്‍റെ ഭാഗമാണെന്ന് തെളിയിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.'' ഫറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. "2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ, പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് നല്ലതാണ്." മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ശ്രമങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.