ഡാനിഷ് അലി എംപിയെ പുറത്താക്കി ബിഎസ്‌പി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം

ബിജെപിക്ക് എതിരായ പോരാട്ടം തുടരുമെന്ന് സസ്പെൻഷന് പിന്നാലെ ഡാനിഷ് അലി എംപി പ്രതികരിച്ചു

Update: 2023-12-09 13:22 GMT
Editor : banuisahak | By : Web Desk
Advertising

ഡാനിഷ് അലി എം.പിയെ ബി.എസ്.പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പാർട്ടിക്കെതിരായ പ്രവർത്തനം തുടർന്നു എന്ന് ബിഎസ്പി പ്രസ്താവനയിൽ അറിയിച്ചു. 

താൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല എന്ന് ബി.എസ്.പി എംപി ഡാനിഷ് അലി. മായാവതിയുടെ നടപടി ദൗർഭാഗ്യകരം. ഇതിന് അമ്രോഹയിലെ ജനങ്ങൾ സാക്ഷിയാണ്. ബിജെപിക്ക് എതിരായ പോരാട്ടം തുടരുമെന്ന് സസ്പെൻഷന് പിന്നാലെ ഡാനിഷ് അലി എംപി പ്രതികരിച്ചു. 

മാസങ്ങൾക്ക് മുൻപ് ഡാനിഷ് അലി എംപി വംശീയാധിക്ഷേപത്തിന് വിധേയനായിരുന്നു. ലോക്സഭയിൽ ബി.ജെ.പി. എം.പി. രമേഷ് ബിധുരിയാണ് വർ​ഗീയ പരാമർശങ്ങൾ നടത്തി ഡാനിഷ് അലി എംപിയെ അപമാനിച്ചത്. സംഭവത്തില്‍ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല. നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടെങ്കിലും നടപടിയുണ്ടായില്ല. ചന്ദ്രയാൻ മൂന്നിൻ്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്‌സഭയിൽ നടക്കുന്നതിനിടയാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. 

വിഷയത്തിൽ പ്രതിപക്ഷ എംപിമാർ സ്പീക്കർക്ക് പരാതി നൽകുകയും രാഹുൽ ഗാന്ധി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നലെ രമേഷ് ബിധുരി പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് മുന്നിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ഡാനിഷ് അലി എംപി ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നു. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കിയായിരുന്നു പ്രതിഷേധം. ഇതിനിടെ, ബിഎസ്പി അധ്യക്ഷ മായാവതിയുമായി സ്വരച്ചേർച്ചയിലല്ലാത്ത ഡാനിഷ് അലി കോണ്‍ഗ്രസിലേക്ക് മാറുമെന്നും റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News