മധ്യപ്രദേശില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ബി.ജെ.പിക്കു ഭരണത്തുടർച്ച
മോദി പ്രഭാവത്തിൽ മിന്നുന്ന വിജയമാണ് ബി.ജെ.പി നേടിയെടുത്തത്
ഭോപ്പാല്‍: മധ്യപ്രദേശിൽ ബി.ജെ.പിക്കു ഭരണത്തുടർച്ച. കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തിയ സംസ്ഥാനമാണ് കൈവിട്ടത്.മോദി പ്രഭാവത്തിൽ മിന്നുന്ന വിജയമാണ് ബി.ജെ.പി നേടിയെടുത്തത്.
2018 ലെ കോൺഗ്രസ് വിജയം അട്ടിമറിച്ചതിനു, ബി.ജെ.പിക്ക് മറുപടി നൽകാനിറങ്ങിയ കമൽ നാഥ് നു വീണ്ടും പിഴച്ചു. ബാലാബലം , ബി.ജെ.പിക്ക് നേരിയ മേൽക്കൈ എന്നിങ്ങനെയുള്ള പ്രവചനങ്ങളെ കാറ്റിൽ പറത്തി, തിളക്കമാർന്ന വിജയമാണ് ബി.ജെ.പി മധ്യപ്രദേശിൽ സ്വന്തമാക്കിയത് .വോട്ടെണ്ണി തുടങ്ങി ആദ്യ ഒരു മണിക്കൂർ മിക്ക മണ്ഡലങ്ങളിലും ലീഡ് നില ഉയർന്നും താഴ്ന്നും സഞ്ചരിച്ചെങ്കിലും പിന്നീട് ആധികാരികമായ വിജയത്തിലേക്ക് ബി.ജെ.പി ഉയരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവാണ് പ്രചാരണരംഗം മാറ്റി മറിച്ചത് .
#WATCH | On MP election results, Union minister & BJP leader Jyotiraditya Scindia in Bhopal says "Congress was preparing Ladoos and congratulatory posters were put up. While we were doing our work quietly...Ladli Behna scheme is a game-changer and the full credit for it goes to… pic.twitter.com/5m8Sx55DRe
— ANI (@ANI) December 3, 2023
കർണാടകയിലും ഹിമാചൽപ്രദേശിലും ആവർത്തിച്ച ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിലൂടെയാണ് ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മേൽക്കൈ നേടിയിരുന്നത് . എന്നാൽ ഒന്നേകാൽ കോടി ബി.പി.എൽ സ്ത്രീകളുടെ അകൗണ്ടിലേക്ക് മാസം 1225 സർക്കാരിന് എത്തിക്കാൻ കഴിഞ്ഞ മുഖ്യമന്ത്രി ലാഡ്‌ലി ബഹനാ യോജന , അതുവരെയുണ്ടായിരുന്ന സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്നതായിരുന്നു. വനിതാ വോട്ട് ബി.ജെ.പിയെ തുണച്ചെന്നു വ്യക്തം .കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന കമൽ നാഥ് പോലും ഒരു വേള പിന്നിലായി. കേന്ദ്രമന്ത്രി അടക്കം എം.പിമാർ , ഗോദയിലെത്തിയത് മോദിയുടെ പ്രതിനിധികളായിട്ട് കൂടിയായിരുന്നു. കോൺഗ്രസ് കണ്ണുവെച്ച ഒബിസി - ഗോത്ര വോട്ടുകൾ പെട്ടിയിൽ വീണതുമില്ല. ചമ്പൽ -ഗ്വാളിയോർ മേഖലയിൽ മിന്നുന്ന വിജയം സ്ഥാനാർത്ഥികൾക്ക് സമ്മാനിച്ച് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയുടെ വിശ്വാസം കാത്തു.
#WATCH | Madhya Pradesh: Union Minister and BJP leader Ashwini Vaishnaw says, "The entire country believes in PM Modi's guarantee and wants to join and support PM Modi's resolve to make the country developed and today's results clearly show this. Digvijaya Singh and Kamal Nath… pic.twitter.com/vu4TIfTeNy
— ANI (@ANI) December 3, 2023
ലീഡ് നില ഉയർന്നുകൊണ്ടിരുന്നപ്പോൾ തന്നെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി . സുസ്ഥിരമായ വികസനം ഉണ്ടാകുമെന്നു ഭോപ്പാൽ വിഷവാതക ദുരിത ബാധിതർക്ക് ഉറപ്പ് നൽകിയ ശിവരാജ് സിങ് ചൗഹാൻ, ഒരുവട്ടം കൂടി മുഖ്യമന്ത്രിക്കസേരയിലേക്ക് പരോക്ഷമായി അവകാശ വാദം ഉന്നയിച്ചു. ആരായിരിക്കും മുഖ്യമന്ത്രി എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല. ഭോപ്പാൽ ദുരന്തത്തിന്‍റെ വാർഷികത്തിൽ മധ്യപ്രദേശിൽ കോൺഗ്രസിന് ഒരു രാഷ്ട്രീയ ദുരന്തമായി തെരഞ്ഞെടുപ്പ് ഫലം പെയ്തിറങ്ങുകയായിരുന്നു.