എംപിമാരുടെ സസ്പെന്‍ഷന്‍: പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം, മാപ്പ് പറയില്ലെന്ന് എംപിമാര്‍

സഭാ ചട്ടങ്ങൾ ലംഘിച്ചാണ് നടപടിയെന്നും എതിർ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം

Update: 2021-11-30 07:38 GMT
Advertising

12 എംപിമാരെ സസ്പെൻഡ് ചെയ്ത സംഭവം രാജ്യസഭയിലുന്നയിച്ച് പ്രതിപക്ഷം. വിഷയം സബ്മിഷനായാണ് ഉന്നയിച്ചത്. ചട്ടവിരുദ്ധമായാണ് സസ്പെന്‍ഷനെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കഴിഞ്ഞ സഭയിലെ സംഭവങ്ങളുടെ പേരിൽ ഈ സമ്മേളനത്തിൽ നടപടിയെടുക്കാനാവില്ല. സസ്പെൻഷൻ പിൻവലിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. എതിർ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ട. എംപിമാര്‍ പേപ്പർ എറിഞ്ഞെന്നും മോശമായി സഭയിൽ പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ കുറ്റംചെയ്തവരാണെന്നും  വെങ്കയ്യ നായിഡു പറഞ്ഞു. എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് നേരത്തെ തന്നെ പ്രതിപക്ഷം തള്ളി. ന്യായമായ വിഷയങ്ങളിലാണ് പ്രതിഷേധിച്ചതെന്നും മാപ്പ് പറയില്ലെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

"സഭയുടെ അന്തസ്സ് നിലനിർത്താൻ, സസ്‌പെൻഷൻ എന്ന നിർദേശം മുന്നോട്ടുവെയ്ക്കാന്‍ സർക്കാർ നിർബന്ധിതമായി. എന്നാൽ ഈ 12 എംപിമാർ അവരുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ, തുറന്ന ഹൃദയത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്"- പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് നടപടി. പെഗാസസ് ചാരവൃത്തിയിൽ അന്വേഷണവും പാർലമെന്‍റില്‍ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. എളമരം കരിം, ബിനോയ്‌ വിശ്വം ഉൾപ്പെടെ 12 എംപിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിർത്തുന്നത്. കഴിഞ്ഞ സമ്മേളന കാലത്തെ സംഭവത്തിന്‍റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ശിക്ഷിക്കാൻ കഴിയില്ലെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന പി ഡി ടി ആചാരി പറഞ്ഞു.

പ്രിവിലേജ് കമ്മിറ്റി മുഖേനയും അംഗങ്ങൾക്ക് എതിരെ നടപടിയെടുക്കാം. പക്ഷേ കമ്മിറ്റിക്ക് മുമ്പാകെ ഈ അംഗങ്ങളെ വിളിച്ചു വരുത്തുകയും അവരുടെ ഭാഗം കേൾക്കുകയും ചെയ്യണം. ഇവിടെ ഈ നടപടിയും ഉണ്ടായില്ല. സർക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ അംഗങ്ങൾക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. സസ്പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോരുണ്ടായി. തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ലോക്സഭ 2 മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News