'മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പൂര്‍ണ അധികാരം വേണം': തമിഴ്നാട്ടില്‍ പ്രതിപക്ഷ സമരം

എഐഎഡിഎംകെയുടെ സമരത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വലിയ വിമർശനമാണുണ്ടായത്.

Update: 2021-11-10 02:15 GMT
Advertising

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെയും ബിജെപിയും തുടർസമരങ്ങളിലേക്ക്. ഡാമിന്‍റെ പൂർണ അധികാരം തമിഴ്നാടിന് വേണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാർ ഡാമിലെ വെള്ളം തുറന്നുവിട്ടത് മുതല്‍ തമിഴ്നാട്ടില്‍ പ്രതിഷേധം തുടങ്ങിയതാണ്. കേരളത്തിലെ മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും ഡാം സന്ദർശിച്ചപ്പോഴും തമിഴ്നാട്ടില്‍ പ്രതിഷേധം ഉയർന്നു. ഡാം പൂർണമായും തമിഴ്നാടിന്റെ വരുതിയിലാക്കണം, കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ പോലും അങ്ങോട്ട് പ്രവേശിപ്പിക്കരുത് തുടങ്ങിയവയായിരുന്നു ആവശ്യം.

ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി മരവിപ്പിച്ചതോടെ വീണ്ടും പ്രതിഷേധം അണപൊട്ടി. ഇന്നലെ കമ്പത്ത് എഐഎഡിഎംകെയുടെ സമരത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വലിയ വിമർശനമാണുണ്ടായത്. മുല്ലപ്പെരിയാറില്‍ തമിഴ്നാടിനുള്ള അധികാരം സ്റ്റാലിന്‍ അട്ടിമറിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഒ. പനീർ സെല്‍വം ആരോപിച്ചു.

ജലനിരപ്പ് 142 അടിയാക്കണമെന്നാണ് പുതിയ ആവശ്യം. അതുണ്ടായില്ലെങ്കില്‍ തുടർസമരങ്ങളിലേക്ക് പോകുമെന്നാണ് എഐഎഡിഎംകെയുടെ മുന്നറിയിപ്പ്. 142 അടിയിലെത്തും മുന്‍പ് ഡാം തുറന്നത് സർക്കാരിന്‍റെ വീഴ്ചയാണെന്നും ഒ.പി.എസ് ആരോപിച്ചു. ജലനിരപ്പ് 139.5 അടിയാക്കി നിർത്താമെന്ന കോടതി ഉത്തരവ് കേരളവും തമിഴ്നാട് സർക്കാരും അവഗണിച്ചുവെന്നും എഐഎഡിഎംകെ ആരോപിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും ജലമൊഴുക്കിയതിനെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലും വരും ദിവസങ്ങളില്‍ അതിർത്തിയില്‍ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News