'കോൺഗ്രസ് ശ്രീരാമനെതിരല്ല; ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിനെതിര്'; സഞ്ജയ് നിരുപമിന് മറുപടിയുമായി മുംബൈ കോൺഗ്രസ്

മുംബൈ റീജ്യനൽ കോൺഗ്രസ് മുൻ അധ്യക്ഷനാണ് പാർട്ടിയിൽനിന്നു കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട സഞ്ജയ് നിരുപം

Update: 2024-04-04 14:40 GMT
Editor : Shaheer | By : Web Desk

സഞ്ജയ് നിരുപം, വർഷ ഗെയ്ക്ക്‌വാദ്

Advertising

മുംബൈ: കോൺഗ്രസ് പുറത്താക്കിയ മുതിർന്ന നേതാവ് സഞ്ജയ് നിരുപമിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മുംബൈ കോൺഗ്രസ് ഘടകം. പാർട്ടി റാമിനും ഏതെങ്കിലും മതത്തിനും എതിരല്ലെന്നും മതത്തിന്റെ പേരിലുള്ള വിഭജന രാഷ്ട്രീയത്തെയാണ് എതിർക്കുന്നതെന്നും മുംബൈ റീജ്യനൽ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്ക്‌വാദ് പറഞ്ഞു. മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷനാണ് നിരുപം.

മതത്തിനു സ്ഥാനമില്ലാത്ത നെഹ്‌റുവിന്റെ മതേതരത്വമെല്ലാം നമ്മുടെ സമൂഹത്തിൽ കാലഹരണപ്പെട്ടിരിക്കുകയാണെന്ന് നേരത്തെ സഞ്ജയ് നിരുപം വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് വർഷ ഗെയ്ക്ക്‌വാദ് രംഗത്തെത്തിയത്. ശ്രീരാമനെതിരെയല്ല, നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിനെതിരാണെന്നും ഗെയ്ക്ക്‌വാദ് പ്രസ്താവനയിൽ പറഞ്ഞു. താങ്കൾക്ക് നെഹ്‌റുവിയൻ മതേതരത്വം മനസിലായിട്ടില്ലെന്നതു ദൗർഭാഗ്യകരമാണ്. പലരും കോൺഗ്രസിന്റെ അന്ത്യം പ്രവചിച്ചു കടന്നുപോയിട്ടുണ്ട്. ആ നീണ്ട നിരയിലാണ് താങ്കളും ചേരുന്നതെന്നും അവർ പറഞ്ഞു.

''നിരുപമിന്റെ രാഷ്ട്രീയയാത്ര പരിശോധിച്ചാൽ അദ്ദേഹം പാർട്ടിയെ സംഘടനാപരമായി ദുർബലപ്പെടുത്തുകയാണു ചെയ്തതെന്നു വ്യക്തമാകും. കോൺഗ്രസിൽ താങ്കൾക്കെതിരെ പരാതികൾ ഉയർന്നപ്പോഴെല്ലാം ഉന്നത നേതൃത്വം താങ്കളെ ആദരിച്ച് പ്രധാനപ്പെട്ട പദവികൾ നൽകി. എന്നാൽ, താങ്കൾ തനിനിറം കാണിച്ചു. നിരുപമിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തുരുമ്പെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് സ്വന്തം ആശയത്തെ ആക്രി പോലെ അദ്ദേഹം വലിച്ചെറിഞ്ഞത്.''

സഞ്ജയ് നിരുപമിന്റെ എടുത്തുചാടിയുള്ള സ്വഭാവത്തിന് കോൺഗ്രസ് എന്നും മാപ്പുനൽകിയിട്ടേയുള്ളൂവെന്നും വർഷ ഗെയ്ക്ക്‌വാദ് ചൂണ്ടിക്കാട്ടി. അദ്ദേഹം ചേരാൻ പോകുന്ന പാർട്ടിയിലെ പ്രവർത്തകരോട് സഹതാപം മാത്രമേയുള്ളൂവെന്നും അവർ പരിഹസിച്ചു.

Summary: ‘Congress not against Ram, but Godse’s ideology’, says Mumbai regional Congress chief Varsha Gaikwad against the expelled leader Sanjay Nirupam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News