മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു
മുംബൈയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം
മുംബൈ: മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ചത് പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയും കുഞ്ഞും മരിച്ചു. മുംബൈയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീൻ അൻസാരിയുടെ 26 കാരിയായ ഭാര്യ സാഹിദൂനെ പ്രസവത്തിനായിട്ടാണ് സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ പ്രവേശിപ്പിച്ചത്. 11 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ച സാഹിദൂനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് വൈദ്യതി നിലച്ചെന്നും മൂന്ന് മണിക്കൂറോളം ജനറേറ്റർ ഓണാക്കിയില്ലെന്നും കുടുംബം ആരോപിച്ചു. സാഹിദും കുഞ്ഞും മരിച്ച ശേഷവും വൈദ്യുതിയില്ലാതെ മറ്റൊരു പ്രസവം നടത്തിയെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങള്‍ ദിവസങ്ങളായി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. ഒടുവില്‍ ബിഎംസി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
"എൻ്റെ മരുമകൾ പൂർണ്ണമായും ആരോഗ്യവതിയായിരുന്നു. അവള്‍ക്ക് ഒന്‍പത് മാസമായിരുന്നു. എല്ലാ പരിശോധനകളും നടത്തി തൃപ്തികരമായ റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഏപ്രിൽ 29 ന് രാവിലെ 7 മണിക്ക് അവർ അവളെ പ്രസവത്തിനായി കൊണ്ടുപോയി. ദിവസം മുഴുവനും ലേബര്‍ റൂമിലായിരുന്നു. രാത്രി എട്ടു മണിവരെ ഒരു കുഴപ്പവുമില്ലായിരുന്നു. പ്രസവം സാധാരണ നിലയിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നെ, സാഹിദൂനെ കാണാൻ ചെന്നപ്പോൾ രക്തത്തിൽ കുളിച്ചിരിക്കുന്നതായി കണ്ടു'' അന്‍സാരിയുടെ മാതാവ് പറഞ്ഞു. ''അവര്‍ ഒരു മുറിവുണ്ടാക്കി അവള്‍ക്ക് ശാരീരിക പ്രശ്നമുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടാനായി ആവശ്യപ്പെട്ടു. ആ സമയത്താണ് കറന്‍റ് പോയത്. മറ്റൊരു ആശുപത്രിയിലേക്ക് പോകാനും സമ്മതിച്ചില്ല. അവർ ഞങ്ങളെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോയി ഫോൺ ടോർച്ചിൻ്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി.കുഞ്ഞ് മരിച്ചപ്പോള്‍ അമ്മ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. അവർ ഞങ്ങളെ സിയോൺ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. പക്ഷേ അപ്പോഴേക്കും സാഹിദൂ മരിച്ചിരുന്നു. ഓക്സിജനും ഉണ്ടായിരുന്നില്ല'' അന്‍സാരിയുടെ മാതാവ് വ്യക്തമാക്കി.
''എനിക്ക് നീതി വേണം, ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടണം, ആശുപത്രി പൂട്ടണ. ഞാനൊരു ഭിന്നശേഷിക്കാരനാണ്. തുച്ഛമായ വരുമാനമേ എനിക്കുള്ളൂ. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ വിവാഹം കഴിച്ചത്. എന്‍റെ ജീവിതം നശിച്ചു'' അന്‍സാരി പറഞ്ഞു. സെൽഫോൺ ടോർച്ചിൻ്റെ സഹായത്തോടെ ഇതേ ഓപ്പറേഷൻ തിയറ്ററിൽ മറ്റൊരു പ്രസവം നടക്കുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും വീട്ടുകാർ കാണിച്ചു.