'വസ്ത്രം ശരിയല്ല, സ്‌നേഹം കൂടുതലാണ്, പാചകം അറിയില്ല'; വിവാഹമോചനത്തിന്റെ വിചിത്ര കാരണങ്ങൾ വിശദീകരിച്ച് അഭിഭാഷക
വിവാഹമോചനത്തിന്‍റെ അതിവിചിത്ര കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ
മുംബൈ: വിവാഹമോചനത്തിന് എന്തെല്ലാം കാരണങ്ങളാകും ഉണ്ടാകുക? സൗന്ദര്യപ്പിണക്കം മുതൽ വഴക്കു വരെ അതിനുള്ള ഹേതുവാകും. ഒരുനിലയ്ക്കും ഒത്തുപോകാൻ കഴിയില്ലെന്ന് വരുമ്പോഴാണ് ദമ്പതികള്‍ പിരിയാനുള്ള അപേക്ഷ നൽകുന്നത്. വിചിത്രമായ പല കാരണങ്ങൾ കൊണ്ടും വിവാഹമോചനം ആവശ്യപ്പെടുന്നവരുണ്ടെന്ന് മുംബൈയിൽ ജോലി ചെയ്യുന്ന അഭിഭാഷക തന്യ അപ്പാചു കൗൾ പറയുന്നു.
രസകരമായ വീഡിയോയിലൂടെയാണ് അവർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മധുവിധു ആഘോഷങ്ങൾക്കിടെ വധു മോശമായി വസ്ത്രം ധരിച്ചു, ഭർത്താവ് കൂടുതൽ സ്‌നേഹവും വാത്‌ല്യവും നൽകുന്നു, തമ്മിൽ പ്രശ്‌നങ്ങളുണ്ടാകുന്നില്ല, ഭർത്താവ് യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാൽ ഒന്നിച്ച് വേണ്ടത്ര സമയം കിട്ടുന്നില്ല, ഭർത്താവിന്റെ കാലിൽ തൊടാൻ ഭാര്യ വിസമ്മതിക്കുന്നു, ഭാര്യയ്ക്ക് പാചകം ചെയ്യാൻ അറിയില്ല, പ്രാതൽ ഉണ്ടാക്കാതെ ജോലിക്കു പോകുന്നു... എന്നിങ്ങനെ പോകുന്നു വിവാഹമോചനത്തിനുള്ള കാരണങ്ങളെന്ന് അവർ പറയുന്നു.
ഒക്ടോബർ മൂന്നിന് ഇൻസ്റ്റഗ്രാമിൽ തന്യ പങ്കുവച്ച വീഡിയോ ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. പോസ്റ്റിന് താഴെ പല കമന്റുകളുമുണ്ട്. ഇപ്പോൾ ആണുങ്ങൾക്ക് പങ്കാളിയെ വേണ്ട, ജോലിക്കാരിയെ മതി, യു.പി.എസ്.സിയും പ്രാതൽ ഉണ്ടാക്കാത്തതും ന്യായമായ കാരണങ്ങളാണ്, കൂർക്കംവലി കൂടി ഉൾപ്പെടുത്താമായിരുന്നു, വിവാഹം കഴിക്കാതിരിക്കുന്നത് ഇതു കൊണ്ടാണ്- എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ലോകത്ത് ഏറ്റവും കുറവ് വിവാഹമോചന നിരക്കുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് ഡാറ്റകൾ വിശകലനം ചെയ്യുന്ന ഗ്ലോബൽ ഇൻഡക്‌സ് എന്ന സ്ഥാപനം പറയുന്നത്. വിയറ്റ്‌നാമാണ് ഇന്ത്യയ്ക്ക് പിന്നിൽ- ഏഴു ശതമാനം. പോർച്ചുഗലിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന നിരക്ക്- 94 ശതമാനം. ഇന്ത്യയിൽ ദമ്പതികളെ സംബന്ധിച്ച് വിവാഹമോചനം ഏറെ നിയമസങ്കീർണതകൾ നിറഞ്ഞതാണ്.