മുർഷിദാബാദിലെ അക്രമസംഭവങ്ങൾ: ഗൂഢാലോചനക്കാരെ ഉടൻ തുറന്നുകാട്ടും: മമത ബാനർജി

''ഞങ്ങൾക്ക് കലാപങ്ങൾ വേണ്ട. പുറത്തുനിന്നുള്ളവരാണ് ആസൂത്രണം ചെയ്തത്, പക്ഷേ ഞങ്ങൾ അവരെയും അവരുടെ ഗൂഢാലോചനയെയും തുറന്നുകാട്ടും''

Update: 2025-04-22 11:31 GMT
Editor : rishad | By : Web Desk

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിലുണ്ടായ അക്രമസംഭവങ്ങളിലെ ഗൂഢാലോചനക്കാരെ ഉടൻ തന്നെ തുറന്നുകാട്ടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

അക്രമത്തിന് പിന്നില്‍ പുറത്തുള്ളവരാണെന്ന് മമത ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. മെയ് ആദ്യവാരം പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് മമത പറഞ്ഞു. ആക്രമണങ്ങള്‍ക്ക് പിന്നാലെ, സ്ഥലം സന്ദര്‍ശിക്കാത്ത മമതയുടെ നടപടിക്കെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു.

'' അക്രമം ദൗർഭാഗ്യകരമായിപ്പോയി. ഞങ്ങൾക്ക് കലാപം വേണ്ട. പുറത്തുനിന്നുള്ളവരാണ് അത് ആസൂത്രണം ചെയ്തത്, പക്ഷേ ഞങ്ങൾ അവരെയും അവരുടെ ഗൂഢാലോചനയെയും തുറന്നുകാട്ടും''- മമത പറഞ്ഞു. "അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഞാൻ പ്രഖ്യാപിച്ചിട്ടുണ്ട്. 'ബംഗ്ലാർ ബാരി' പദ്ധതി പ്രകാരം അവരുടെ വീടുകളും ഞങ്ങൾ പുനർനിർമിക്കും. മെയ് ആദ്യ ആഴ്ച അവിടെ പോയി സ്ഥിതിഗതികൾ വിലയിരുത്തും''- മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം അക്രമത്തിൽ കൊല്ലപ്പെട്ട ഒരാളുടെ കുടുംബാംഗങ്ങളെ ഗവർണർ സി.വി ആനന്ദ ബോസ് അടുത്തിടെ സന്ദർശിക്കുകയും സാധ്യമായ എല്ലാ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മൂന്ന് പേരാണ് മുര്‍ഷിദാബാദിലുണ്ടായ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 280 പേരെയാണ് അറസ്റ്റ് ചെയ്തത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News