നാഗാലാൻഡ് വെടിവെപ്പ്: കരസേന അന്വേഷണം തുടങ്ങി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ വിശദീകരണത്തിന് വിരുദ്ധമായാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളി മൊഴി നൽകിയത്
നാഗാലാൻഡ് വെടിവെപ്പിൽ കരസേന അന്വേഷണം തുടങ്ങി. നാഗാലാൻഡിലെ സൈനിക വെടിവെപ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
വിശ്വാസയോഗ്യമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുഷ്കരമായ ദൗത്യങ്ങൾക്കാണ് പാരാ സ്പെഷ്യൽ ഫോഴ്സസ് കമാൻഡോകളെ രംഗത്തിറക്കാറുള്ളത്. തെറ്റായ വിവരം നൽകി സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക. ഇന്‍റലിജൻസ് ബ്യൂറോയും പ്രദേശവാസികളുമാണു പ്രധാനമായും വിവരങ്ങൾ കൈമാറുന്നവർ. നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായ സേനയുടെ മൂന്നാം കോറിലെ ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് വിവരങ്ങളുടെ ആധികാരികത പരിശോധിക്കും.
വിവരം ശരിയാണെന്നു സ്ഥിരീകരിച്ച ശേഷം ദൗത്യത്തിന്റെ ഗൗരവ സ്വഭാവം അടിസ്ഥാനമാക്കി സേനാംഗങ്ങളെ നിയോഗിക്കുന്നതാണ് പതിവ്. കഴിഞ്ഞ ദിവസത്തെ ദൗത്യത്തിൽ രഹസ്യ വിവരം സ്ഥിരീകരിക്കുന്നതിൽ സേനയ്ക്കു വീഴ്ച പറ്റിയോയെന്ന് സംഘം അന്വേഷിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര പ്രതിരോധ മന്ത്രാലയവും നൽകിയ വിശദീകരണത്തിന് വിരുദ്ധമായാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളി മൊഴി നൽകിയത്. സേന വാഹനം നിർത്താൻ ആവശ്യപ്പെട്ടില്ലെന്നും പകൽ വെളിച്ചത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്നും തൊഴിലാളി പൊലീസിന് മൊഴി നൽകി.