നാഗാലാന്‍ഡില്‍ പ്രതിപക്ഷം സര്‍ക്കാരില്‍ ചേര്‍ന്നു

ഇത് രണ്ടാം തവണയാണ് നാഗാലാന്‍ഡില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നത്

Update: 2021-08-18 14:31 GMT
Advertising

നാഗാലാൻഡില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമായി. നാഗാലാൻഡ് യുണൈറ്റഡ് ഗവൺമെന്‍റ് എന്ന പേരിലായിരിക്കും ഭരണം. ഇതോടെ നിയമസഭയില്‍ പ്രതിപക്ഷമില്ലാതായി. ഇത് രണ്ടാം തവണയാണ് നാഗാലാന്‍ഡില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നാഗാലാന്‍ഡിലെ സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാണ് നീക്കം.

പ്രതിപക്ഷ പാർട്ടിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) കഴിഞ്ഞ ദിവസമാണ് സർക്കാരിന്‍റെ ഭാഗമായത്. 60 അംഗ നിയമസഭയില്‍ സർക്കാരിനെ നയിക്കുന്ന നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിക്ക് (എൻഡിപിപി) 20ഉം ബിജെപിക്ക് 12ഉം എംഎല്‍എമാരാണുള്ളത്. എൻപിഎഫിന് 25 എംഎല്‍എമാരുണ്ട്. രണ്ട് പേര്‍ സ്വതന്ത്രരാണ്. ഒരു എംഎല്‍എയുടെ മരണത്തോടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. 2015ൽ എട്ട് കോൺഗ്രസ് എംഎൽഎമാർ അന്നത്തെ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിൽ ലയിച്ചിരുന്നു. ഇതിന് മുന്‍പ് സര്‍വകക്ഷി സര്‍ക്കാര്‍  രൂപീകരിച്ചത് 2015ലാണ്.

ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള നാഗാ സായുധ കലാപത്തിനും സംഘര്‍ഷത്തിനും പരിഹാരം കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. 1997ല്‍ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. 2015ല്‍ കേന്ദ്ര സര്‍ക്കാരും നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമും പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍ നാഗാലാൻഡിന് പ്രത്യേക ഭരണഘടനയും പതാകയും വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News