2000 രൂപാ നോട്ടിലെ നാനോ ടെക്‌നോളജി, ജിപിഎസ് ചിപ്പ്; മാധ്യമപ്രവർത്തകരടക്കം ഏറ്റെടുത്ത മണ്ടത്തരങ്ങൾ

ആജ് തക്, എബിപി, ഡിഎൻഎ, സീ ന്യൂസ് അടക്കമുള്ള ദേശീയ ചാനലുകള്‍ 2000 നോട്ടിന്റെ ജിപിഎസ് സവിശേഷതകൾ വിശദീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്തിരുന്നു

Update: 2021-11-08 13:11 GMT
Editor : Shaheer | By : Web Desk
Advertising

500, 1000 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെ മോദി സർക്കാരിന്റെ നീക്കത്തെ ധീരമായ നടപടിയെന്ന് പ്രശംസിച്ചും വിഡ്ഢിത്തമെന്ന് വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. എന്നാൽ, ഇക്കൂട്ടത്തിൽ ഏറെ രസകരമായ വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുതുതായി പുറത്തിറക്കിയ 2000 രൂപാ കറൻസികളിൽ ജിപിഎസ് ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഏറ്റവും പ്രചാരം ലഭിച്ച ഒരു വ്യാജസന്ദേശം.

ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരടക്കമാണ് പുതിയ നോട്ടിലെ ജിപിഎസ് ചിപ്പ് വാദം ഏറ്റുപിടിച്ചതെന്നതാണ് ഏറെ രസകരം. ആജ് തക്, എബിപി, ഡിഎൻഎ, സീ ന്യൂസ് അടക്കമുള്ള ചാനലുകളിൽ മാധ്യമപ്രവർത്തകർ 2000 നോട്ടിന്റെ ജിപിഎസ് സവിശേഷതകൾ വിശദീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.

പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളിൽ നാനോ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആജ് തകിലെ മാധ്യമപ്രവർത്തക അവകാശപ്പെട്ടത്. കറൻസിയിൽ ഉപയോഗിച്ച ജിപിഎസ് സംവിധാനം വഴി ആദായ നികുതി വകുപ്പിന് വിവരങ്ങൾ കൃത്യമായി അറിയാനാകുമെന്ന് മാധ്യമപ്രവർത്തക ആധികാരികമായി വിവരിക്കുന്നു. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ കള്ളപ്പണം തടയാനാകുമെന്നാണ് മറ്റൊരു മാധ്യമപ്രവർത്തകയുടെ വിശദീകരണം. ഇതിന്റെ വിഡിയോ അന്നു തന്നെ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഏറ്റെടുത്തിരുന്നു.

പുതിയ രണ്ടായിരത്തിന്റെ നോട്ട് നിർമിക്കാൻ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയുടെ അവകാശവാദം. നാനോ ജിപിഎസ് ചിപ്പുകൾ കറൻസികളിൽ ഘടിപ്പിച്ചിട്ടുണ്ടാകും. സാറ്റ്‌ലൈറ്റ് വഴി ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ലഭിക്കും. കറൻസിയുടെ സീരിയൽ നമ്പറടക്കം ട്രാക്ക് ചെയ്യാനാകുമെന്നും ചൗധരി വിവരിക്കരുന്നു.

പുതിയ നോട്ടിന്റെ പ്രത്യേകതകൾ വിവരിച്ചുകൊണ്ടുള്ള ആർബിഐയുടെ കുറിപ്പ് പുറത്തുവന്നതോടെയാണ് വ്യാജ പ്രചാരണങ്ങൾ പൊളിഞ്ഞത്. ഇതോടെ മാധ്യമപ്രവർത്തകർക്കുനേരെ സമൂഹമാധ്യമങ്ങളിൽ പൊങ്കാലയും നിറഞ്ഞു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News