'മദ്രസകള്‍ക്ക് ധനസഹായം നല്‍കരുത്'; ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ
മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്
ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരെ നീക്കവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്. എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗൊ.
Summary: "Around 1.25 cr children deprived of basic education rights": NCPCR chief on stopping state funding to Madrasas