അമരീന്ദർ സിങ് ബി.ജെ.പി യുടെ വിശ്വസ്തനായ മുഖ്യമന്ത്രിയായിരുന്നു :നവ്ജോത് സിങ് സിദ്ധു
' ഇപ്പോൾ അദ്ദേഹം പുതിയപാർട്ടിയുമായി വന്നിരിക്കുകയാണ്. പഞ്ചാബിന്‍റെ താൽപര്യങ്ങളെ ബലികഴിച്ച അമരീന്ദറിനെ ഒരിക്കൽ കൂടെ ജനങ്ങൾ തോൽപ്പിക്കും'
പഞ്ചാബ് മുൻമുഖ്യമന്ത്രിയും മുൻകോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർസിങ് ബി.ജെ.പിയുടെ വിശ്വസ്തനായ മുഖ്യമന്ത്രിയായിരുന്നു എന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡണ്ട് നവ്‌ജോത് സിങ് സിദ്ദു.
'അമരീന്ദർ സിങ് ബി.ജെ.പിയുടെ വിശ്വസ്തനായ മുഖ്യമന്ത്രിയായിരുന്നു.ഇ.ഡി യാണ് അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നത്. ഇതൊന്നും ഞങ്ങൾ 73 എം.എൽ.എമാർക്ക് ഇപ്പോൾ ചിന്തിക്കാൻ പോലുമാവുന്നില്ല. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനായി അദ്ദേഹം പഞ്ചാബിന്‍റെ താൽപര്യങ്ങളെയാണ് ബലികഴിച്ചത്'. സിദ്ദു ട്വിറ്ററിൽ കുറിച്ചു.
ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ തന്നെ അമരീന്ദർ നിശബ്ദമാക്കാൻ ശ്രമിച്ചു. ഇപ്പോൾ അദ്ദേഹം പുതിയപാർട്ടിയുമായി വന്നിരിക്കുകയാണ്. പഞ്ചാബിന്‍റെ താൽപര്യങ്ങളെ ബലികഴിച്ച അമരീന്ദറിനെ ഒരിക്കൽ കൂടെ ജനങ്ങൾ തോൽപ്പിക്കും. സിദ്ദു പറഞ്ഞു.
കഴിഞ്ഞ മാസമാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം മറ്റു പാർട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദർ അറിയിച്ചു. അതിന്ശേഷമാണ് പുതിയപാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. നവ്‌ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതിൽ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.