കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവാബ് മാലിക്കിന്റെ ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും
മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകൾ നൽകാൻ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ മോചിതനാകണമെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ഹരജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും. തന്റെ ഹർജി അടിയന്തരമായി പട്ടികയിലുൾപെടുത്തണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ കഴിയുന്ന നവാബ് മാലിക് നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്. മാലിക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് രേഖകൾ നൽകാൻ ആവശ്യപ്പെട്ടു.
ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വത്ത് ഇടപാടിലാണ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുപിന്നാലെ, തന്റെ അറസ്റ്റും റിമാൻഡ് ഉത്തരവുകളും ചോദ്യം ചെയ്ത് മന്ത്രി കോടതിയിൽ ഹരജി നൽകിയിരുന്നു.
എൻസിപി മുംബൈ പ്രസിഡന്റും നിലവിൽ ശിവസേന നയിക്കുന്ന മഹാരാഷ്ട്രാ സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് ഇദ്ദേഹം. അഞ്ചുവട്ടം എംഎൽഎയായ നവാബ് മാലിക് എൻസിപിയുടെ ദേശീയ വക്താവാണ്. ആര്യൻ ഖാൻ കേസിലടക്കം ബിജെപി സർക്കാറിന്റെ നിശിത വിമർശകനാണ് ഈ 62 കാരൻ.
ഫെബ്രുവരി 23ന് രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ നടന്നത്. തുടർന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്തിരുന്നു. നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒരേ നിലപാടാണ് സ്വീകരിച്ചിരുന്നത്.