ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ്: റെയ്ഡ് വ്യാജം, പിന്നില്‍ ബിജെപിയെന്ന് മഹാരാഷ്ട്ര മന്ത്രി
'പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണ്'
മുംബൈയിലെ ആഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. റെയ്ഡില്‍ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ല. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണ്. ബിജെപിയുമായി ബന്ധപ്പെട്ട ചിലരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും മന്ത്രി ആരോപിച്ചു. ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരെയാണ് ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കപ്പലില്‍ നിന്ന് എന്‍സിബി പിടികൂടിയത്.
മുംബൈയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോളിവുഡിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപി നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഒക്ടോബര്‍ 3ന് നടന്ന എന്‍സിബി റെയ്ഡ് വ്യാജമാണ്. കഴിഞ്ഞ 36 വർഷമായി എൻസിബി രാജ്യത്ത് പ്രവർത്തിക്കുന്നു. നിരവധി ആഭ്യന്തര, അന്തർദേശീയ മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടിയിട്ടുണ്ട്. ഇക്കാലമത്രയും ഏജൻസിയുടെ പ്രവർത്തനത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ കോർഡേലിയ എന്ന കപ്പലില്‍ നടന്ന എൻസിബി റെയ്ഡിന്‍റെ ഭാഗമായി ചില ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ പി ഗോസവി എന്ന പേരുള്ള ഒരാളാണ് ആര്യൻ ഖാനെ മുംബൈയിലെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത്. ആര്യൻ ഖാനൊപ്പം ഒരു സെൽഫിയും ഇയാള്‍ എടുത്തിട്ടുണ്ട്. ഇയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് എന്‍സിബി വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയോട് തന്‍റെ ആദ്യ ചോദ്യം കെ പി ഗോസവിയുമായുള്ള ബന്ധം എന്താണ് എന്നാണെന്നും നവാബ് മാലിക് വ്യക്തമാക്കി.
ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് മനീഷ് ഭാനുശാലി എന്നയാളാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. ഇയാള്‍ ബിജെപി നേതാവാണെന്നും നവാബ് മാലിക് പറഞ്ഞു.