വിവാദ പരാമർശത്തിൽ നടപടിയെടുത്ത വനിതാകമ്മീഷനെ വെല്ലുവിളിച്ച് മഹുവാ മൊയ്ത്ര
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയ്ക്കെതിരായ മഹുവയുടെ കമന്റ് വിവാദമായിരുന്നു
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയ്ക്കെതിരായ വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയ്ക്കെതിരെ കേസെടുത്തു. ദേശീയ വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവാ നടത്തിയതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
അതേസമയം കമ്മീഷൻ നടപടിയെ വെല്ലുവിളിച്ചും പരിഹസിച്ചും മഹുവ രംഗത്തെത്തി. അടിയന്തരമായി നടപടിയെടുക്കണമെന്ന് ഡൽഹി പൊലീസിനോട് മഹുവ എക്സിൽ കുറിച്ചു. മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ താൻ ബംഗാളിലെ നാദിയയിൽ ഉണ്ടെന്നും മഹുവ പോസ്റ്റിൽ പറഞ്ഞു.
'ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്ന' തിരക്കിലാണ് രേഖ ശർമയെന്നാണ് മഹുവ എക്‌സിൽ കമന്റിട്ടത്. ഹാത്രസ് സന്ദർശിക്കാൻ പോയ രേഖ ശർമയ്ക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതിലാണ് മഹുവ വിവാദ പരാമർശം നടത്തിയത്.
പോസ്റ്റിൽ നടപടി ആവശ്യപ്പെട്ട് രേഖ ശർമ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കും ഡൽഹി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.