ആന്ധ്രാ പ്രദേശിൽ എന്‍.ഡി.എയുടെ കുതിപ്പ്; നിയമസഭയിലും ലോക്സഭയിലും ടി.ഡി.പി മുന്നേറ്റം
16 സീറ്റുകളിലാണ് ടി.ഡി.പി ലീഡ് ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലവും നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഒരുമിച്ചെത്തുന്ന ആന്ധ്രാപ്രദേശിൽ എന്‍.ഡി.എ സഖ്യത്തിന്‍റെ കുതിപ്പ്. 25 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് വൈ.എസ്.ആർ.കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ടി.ഡി.പി മുന്നേറുകയാണ്. 16 സീറ്റുകളിലാണ് ടി.ഡി.പി ലീഡ് ചെയ്യുന്നത്. വൈ.എസ്.ആർ കോൺഗ്രസ് നാല് സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബി.ജെ.പി മൂന്ന് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് ഇതുവരെ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ 175 ൽ 124 സീറ്റുകളിലും ടി.ആർ.എസ് മുന്നിട്ട് നിൽക്കുകയാണ്. വൈ.എസ്.ആർ കോൺഗ്രസ് 24 സീറ്റുകളിലും ജനസേനാ പാർട്ടി 20 സീറ്റുകളിലും ബി.ജെ.പി ഏഴ് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. നേരത്തേ എക്സിറ്റ് പോള്‍ഫലങ്ങളും ആന്ധ്രയില്‍ എന്‍.ഡി.എ സഖ്യത്തിന് വന്‍ വിജയം പ്രവചിച്ചിരുന്നു. 98 മുതല്‍ 120 സീറ്റുകള്‍ വരെ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു ഭൂരിപക്ഷം സര്‍വേ ഫലങ്ങളും പറഞ്ഞിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഒഡീഷയിലും ബി.ജെ.പിയുടെ മുന്നേറ്റമാണ്. മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ ബിജു ജനതാദള്‍ വന്‍തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിട്ടത്. സംസ്ഥാനത്ത് നിലവിൽ 75 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെഡി 56 സീറ്റിലും കോൺഗ്രസ് 13ഉം സിപിഎം ഒരു സീറ്റിലും ഇൻഡ്യ സഖ്യം രണ്ട് സീറ്റിലും ലീഡ് ചെയ്യുകയാണ്. 2019ൽ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിൽ 147ൽ 115 സീറ്റുകൾ നേടി ബി.ജെ.ഡി ഭരണം നിലനിർത്തുകയായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡിക്ക് അടി പതറി. 21 ലോക്സഭ മണ്ഡലങ്ങളിൽ 12 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇത്തവണയും ലോക്സഭക്കൊപ്പമാണ് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്.